റായി: ഫ്രെയിം നീളുന്നു ജീവിതത്തിലേക്ക്

PROPRO
‘ഇന്ത്യയുടെ ദാരിദ്രം വില്‍പ്പന ചരക്കാക്കി’. ഇന്ത്യയുടെ എക്കാലത്തെയും മഹാനായ ചലച്ചിത്രകാരന്‍ സത്യജിത് റായിയുടെ പ്രഥമ ചിത്രമായ ‘പഥേര്‍ പാഞ്ചാലി’ ലോക ശ്രദ്ധയാകര്‍ഷിക്കപ്പെട്ടപ്പോള്‍ ആദ്യത്തെ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിന്‍റെ പ്രതികരണമായിരുന്നു ഇത്. ഇന്ത്യന്‍ യാഥാര്‍ത്ഥ്യങ്ങള്‍ക്ക് കലാപരമായ ആവിഷ്ക്കാരങ്ങള്‍ നല്‍കി ലോക പ്രേക്ഷകര്‍ക്ക് മുന്നില്‍ കാഴ്ചയുടെ ഉത്‌സവം തീര്‍ത്ത മഹാനായിരുന്നു സത്യജിത് റായി.

യാഥാതഥ്യം, മാനുഷികത, കാവ്യാത്മകത, ഭാരതീയത്വം എന്നിവയാണ് റായ്‌ ചിത്രങ്ങളുടെ മുഖമുദ്ര‌. യാഥാര്‍ത്യങ്ങളെ പ്രേക്ഷകനു നേര്‍ക്ക് പിടിക്കുന്ന തന്‍റെ ചിത്രങ്ങളിലൂടെ ലോകചലച്ചിത്ര ഭൂപടത്തില്‍ സ്വന്തമായ ഒരു ശൈലി റായ്‌ വെട്ടിത്തുറന്നു. കച്ചവട സിനിമയുടെ ആര്‍ഭാടങ്ങള്‍ക്കും മനംമയക്കുന്ന ഭ്രാമാത്മകതയ്‌ക്കും സമാന്തരമായി കലാപമായി ചലച്ചിത്രപ്രവര്‍ത്തനം ആരംഭിച്ച സത്യജിത്‌റായ്‌ ഇന്ത്യന്‍ സിനിമയ്ക്ക്‌ നല്‍കിയത് പുതിയൊരു വ്യാകരണമായിരുന്നു.

സത്യജിത്‌റായ്‌ ജീവിതരേഖ

1921 മേയ്‌ രണ്ടിന്‌ കല്‍ക്കട്ടയില്‍ ജനനം. അച്ഛന്‍ സുകുമാര്‍ റായ്‌. അമ്മ സുപ്രഭറായ്‌. ബാലിഗഞ്ച്‌ സര്‍ക്കാര്‍ സ്കൂളില്‍ നിന്നു ബിരുദം. പ്രസിഡന്‍സി കോളജില്‍ നിന്ന്‌ സാമ്പത്തിക ശാസ്ത്രം പഠിച്ചു. 1940-42 കാലത്ത്‌ ശാന്തിനികേതനിലെ ടാഗൂര്‍ സര്‍വകലാശാലയിലെ ആര്‍ട്ട്സ്കൂളില്‍ പഠിച്ചു. അഞ്ചുവര്‍ഷത്തെ പഠനം പൂര്‍ത്തിയാക്കാതെ 1943ല്‍ കല്‍ക്കട്ടയില്‍ തിരിച്ചെത്തി. ബ്രിട്ടീഷ്‌ സര്‍ക്കാരിന്‍റെ കീഴിലുള്ള പരസ്യക്കമ്പനിയില്‍ ചേര്‍ന്നു.

ഏതാനും വര്‍ഷങ്ങള്‍ കൊണ്ട്‌ സ്ഥാപനത്തിന്‍റെ ആര്‍ട്ട്‌ ഡയറക്ടര്‍ പദവി. 1948ല്‍ ബിജോയ്‌ദാസിനെ വിവാഹം കഴിച്ചു. ബന്ധത്തില്‍പ്പെട്ട ബിജോയ്‌ ഒന്നാന്തരം പാട്ടുകാരിയും അഭിനേത്രിയുമായിരുന്നു. 1953ല്‍ മകന്‍ സന്ദീപ്‌ ജനിച്ചു. 1983ല്‍ ശക്തമായ ഹൃദയാഘാതം. 1992 ഏപ്രില്‍ 23ന്‌ മരണം.

സംഗീതതത്‌പരനായിരുന്ന റായിയുടെ മുത്തച്ഛന്‍ ഉപേന്ദ്ര കിഷോര്‍. ബാലസാഹിത്യകാരനായ അദ്ദേഹം ഒന്നാന്തരം ചിത്രകാരനുമായിരുന്നു. അച്ഛന്‍ സുകുമാര്‍ ബംഗാളിലെ അറിയപ്പെടുന്ന എഴുത്തുകാരനും. കുട്ടിക്കാലത്തേ സംഗീതത്തോട്‌ അമിതതാത്‌പര്യം കാട്ടിയ റായ്‌ സിനിമയോട്‌ ആകര്‍ഷിക്കപ്പെട്ടു. ഹോളിവുഡ്‌ താരങ്ങളുടെ ചിത്രങ്ങള്‍ ശേഖരിക്കുന്ന സ്വഭാവം അദ്ദേഹത്തിനുണ്ടായിരുന്നു. 1950ല്‍ വിഭൂതിഭൂഷന്‍റെ പഥേര്‍ പാഞ്ചാലിയ്ക്ക്‌ ചിത്രങ്ങള്‍ വരയ്ക്കാന്‍ കല്‍ക്കട്ടയിലെ ഒരു പ്രസിദ്ധശാലയ്ക്കു വേണ്ടി റായ്‌ കരാര്‍ ചെയ്യപ്പെട്ടു. ഇതാണ്‌ ആ കൃതിയിലേയ്ക്ക്‌ റായിയെ ആകര്‍ഷിച്ചത്‌.

ആദ്യചിത്രമായ പാഥേര്‍ പാഞ്ചാലി (1955) യിലൂടെതന്നെ വിശ്വചലച്ചിത്ര കാരന്മാര്‍ക്കൊപ്പം റായ്‌ പരിഗണിക്കപ്പെട്ടു. ഏറ്റവും നല്ല മനുഷ്യകഥയെന്ന്‌ കാന്‍ ചലച്ചിത്രോത്സവത്തില്‍ പ്രകീര്‍ത്തിക്കപ്പെട്ട ഈ ചിത്രം നിരവധി ദേശീയ - അന്തര്‍ദേശീയ പുരസ്കാരങ്ങള്‍ നേടി. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നായി മുപ്പത്തഞ്ചലധികം പുരസ്കാരങ്ങള്‍ ലഭിച്ചു.

ചാര്‍ലി ചാപ്ലിന്‍, ബര്‍ഗ്‌മാന്‍ എന്നിവരോടൊപ്പം ലോകത്തിലെ മൂന്ന്‌ അതുല്യ ചലച്ചിത്ര പ്രതിഭകളിലൊരാളായി 1978ലെ ബര്‍ലിന്‍ ചലച്ചിത്രോത്സവത്തില്‍ സത്യജിത്‌ റായ്‌ ആദരിക്കപ്പെട്ടു. ഓക്സ്ഫോഡ്‌ യൂണിവേഴ്‌സിറ്റി 1978ല്‍ ഡോക്ടറേറ്റ്‌ നല്‍കി. (യൂണിവേഴ്‌സിറ്റി ചലച്ചിത്രത്തിന് ഇതിനു മുന്‍പി ചാര്‍ളി ചാപ്ലിനു മാത്രം ഡോക്ടറേറ്റ്‌ ). 1988ല്‍ ഫ്രഞ്ച്‌ ലീജിയണ്‍ ഓഫ്‌ ഓണര്‍ പുരസ്കാരം ലഭിച്ചു.

സത്യജിത്‌റായിയുടെ മുഴുവന്‍ ചലച്ചിത്രസംഭാവനകളെയും മുന്‍നിര്‍ത്തി 1992 മാര്‍ച്ച്‌ 30ന്‌ ഓണററി ഓസ്കാര്‍ അവാര്‍ഡ്‌ സമ്മാനിച്ചു. ഇതേമാസം തന്നെ അദ്ദേഹത്തിന്‌ ഇന്ത്യാ സര്‍ക്കാര്‍ ഭാരതരത്നം ബഹുമതി പ്രഖ്യാപിച്ചു. ഇന്ത്യയിലെ ഏറ്റവും ഉന്നത വ്യക്തിഗത ബഹുമതികളായ പത്മശ്രീ, പത്മഭൂഷണ്‍, പത്മവിഭൂഷണ്‍, ഭാരതരത്ന എന്നിവ നാലും നേടുന്ന ആദ്യത്തെയാളാണ്‌ റായ്‌.

കുട്ടികളുടെ മാസികയായ 'സന്ദേശി'ന്‍റെ എഡിറ്ററായിരുന്ന റായ്‌ രചിച്ച 15-ല്‍പരം ഗ്രന്ഥങ്ങളില്‍ കൂടുതലും കുട്ടികള്‍ക്കു വേണ്ടിയുള്ളതാണ്‌. സാഹിത്യ അക്കാദമി അവാര്‍ഡ്‌ നേടി. 18 ഫീച്ചര്‍ ചിത്രങ്ങള്‍ക്കും ആറു ഹ്രസ്വചിത്രങ്ങള്‍ക്കും സംഗീതം നല്‍കി. ഉത്തരാന്‍ മരണശേഷം പുത്രന്‍ സന്ദീപ്‌ റായ്‌ സംവിധാനം ചെയ്തു.
WEBDUNIA|



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :