‘നത്തോലി ചെറിയ മീനല്ല’ എന്ന വി കെ പ്രകാശ് ചിത്രം അടുത്ത മാസം റിലീസാകുകയാണ്. ഫഹദ് ഫാസിലും കമാലിനി മുഖര്‍ജിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യുന്നു എന്നതാണ് പുതിയ വാര്‍ത്ത.
‘സെയ്ത്താന്‍’ എന്ന സിനിമയിലൂടെ പ്രശസ്തനായ ബിജോയ് നമ്പ്യാരാണ് ‘നത്തോലി’ റീമേക്ക് ചെയ്യുന്നത്. നത്തോലിയുടെ തിരക്കഥാകൃത്ത് ശങ്കര്‍ രാമകൃഷ്ണനാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
ചിത്രത്തിലെ നായിക കമാലിനിയുടെ സുഹൃത്താണ് ബിജോയ് നമ്പ്യാര്‍. അങ്ങനെയാണ് ബിജോയ് ഈ പ്രൊജക്ടിനെക്കുറിച്ച് അറിയുന്നതും ഇത് റീമേക്ക് ചെയ്യാന്‍ താല്‍പ്പര്യം പ്രകടിപ്പിക്കുന്നതും. കമാലിനി ഈ റീമേക്കിന്റെയും ഭാഗമാകുമെന്നാണ് സൂചന. എന്നാല്‍ ഫഹദ് ഫാസില്‍ ഈ സിനിമയിലൂടെ ഹിന്ദിയില്‍ അരങ്ങേറ്റം കുറിക്കുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്.
ഒരു തിരക്കഥാകൃത്തായും അയാളുടെ കഥാപാത്രമായുമാണ് ഫഹദ് ഈ ചിത്രത്തില്‍ അഭിനയിക്കുന്നത്. തിരക്കഥാകൃത്തിനെ എല്ലാവരും ‘നത്തോലി’ എന്നാണ് വിളിച്ചിരുന്നത്. അയാള്‍ സൃഷ്ടിച്ച കഥാപാത്രമായ നരേന്ദ്രനാകട്ടെ ഒരു അതിമാനുഷനും. ‘നത്തോലി ഒരു ചെറിയ മീനല്ല’ എന്ന് നരേന്ദ്രന് തെളിയിക്കുന്നതാണ് സിനിമയുടെ രസകരമായ വഴിത്തിരിവ്.