ജയറാം ചിത്രം മാറ്റിവച്ച് സുരാജ് വെഞ്ഞാറമ്മൂടിനെ നായകനാക്കി ഒരു ചിത്രം ഒരുക്കുകയാണ് സംവിധായകനും നടനുമായ മഹേഷ്. ‘കലണ്ടര്‍’ എന്ന പരാജയ ചിത്രത്തിന് ശേഷം മഹേഷ് സംവിധാനം ചെയ്യാനിരുന്ന ‘മേനകാ ടാക്കീസ്’ എന്ന ചിത്രമാണ് അനിശ്ചിതകാലത്തേക്ക് മാറ്റിവച്ചിരിക്കുന്നത്. ആ സിനിമയ്ക്ക് പകരം സുരാജിനെ നായകനാക്കി ഒരുക്കുന്ന ചിത്രത്തിന് ‘ശക്തന്‍ തമ്പുരാന്‍’ എന്നാണ് പേരിട്ടിരിക്കുന്നത്.
രാജന്‍ കിരിയത്തിന്‍റെ തിരക്കഥയില്‍ ചെയ്യാനിരുന്ന ‘മേനകാ ടാക്കീസ്’ ചില പ്രത്യേക കാരണങ്ങളാലാണ് മാറ്റിവച്ചത്. ഇതേ കഥയില്‍ മറ്റു രണ്ടു ചിത്രങ്ങള്‍ അണിയറയില്‍ ഒരുങ്ങുന്നതാണ് മേനകാ ടാക്കീസിന് വിനയായത്. ടാക്കീസ്, വള്ളുവനാടന്‍ ടാക്കീസ് എന്നിവയായിരുന്നു മറ്റ് ചിത്രങ്ങള്‍. ഈ സിനിമകളുടെ കഥ ഏതാണ്ട് ഒന്നുതന്നെ!
പാരമ്പര്യമായുള്ള ഒരു തിയേറ്റര്‍ പൊളിച്ച് ഷോപ്പിംഗ് കോംപ്ലക്സാക്കാന്‍ നടക്കുന്ന മകനും അതിനെ എതിര്‍ക്കുന്ന അച്ഛനും. ഇതായിരുന്നു മേനകാ ടാക്കീസിന്‍റെ കഥ. ഷാജൂണ്‍ കാര്യാല്‍ സംവിധാനം ചെയ്യുന്ന ടാക്കീസിന്‍റെ കഥയും ഏകദേശം ഇതുതന്നെ. മോഹന്‍ലാല്‍ നായകനാകുന്ന ഈ സിനിമയുടെ രചന എസ് സുരേഷ്ബാബു. നവാഗതനായ നവാസ് ബാബു രചന നിര്‍വഹിച്ച് സുന്ദര്‍ദാസ് സംവിധാനം ചെയ്യുന്ന ‘വള്ളുവനാടന്‍ ടാക്കീസ്’ എന്ന ചിത്രത്തിനും ഇതു തന്നെയാണ് കഥ.
മാത്രമല്ല ജയറാം നായകനാകുന്ന ഷാഫിച്ചിത്രമായ ‘മേക്കപ്പ്‌മാന്‍’ ഏതാണ്ട് ഇതേ കഥ തന്നെയാണ്. ഇതോടെ ‘മേനകാ ടാക്കീസ്’ മാറ്റിവയ്ക്കാന്‍ മഹേഷ് നിര്‍ബന്ധിതനാകുകയായിരുന്നു. ഉടന്‍ തന്നെ പുതിയൊരു കഥ മഹേഷ് തേടിപ്പിടിച്ചു. ശക്തന്‍ തമ്പുരാന്‍ എന്നു പേരിട്ട് സുരാജിനെ നായകനായി നിശ്ചയിച്ചു. മറ്റൊരു പ്രധാന കഥാപാത്രത്തെ ഇന്നസെന്‍റ് അവതരിപ്പിക്കും.
നടന്‍ അരുണ്‍ ഘോഷ് നിര്‍മ്മിക്കുന്ന ശക്തന്‍ തമ്പുരാന്‍റെ രചന നിര്‍വഹികുന്നത് രാജന്‍ കിരിയത്ത്. തിരക്കഥാ രചന നടന്നുകൊണ്ടിരിക്കുന്നതായി മഹേഷ് അറിയിച്ചു.