കാത്തിരിപ്പിന് വിരാമമായി. മലയാളത്തിന്‍റെ അഭിമാനമായ യൂണിവേഴ്സല്‍ സ്റ്റാര്‍ മോഹന്‍ലാലും ബോളിവുഡിലെ അതികായന്‍ അമിതാഭ് ബച്ചനും സ്ക്രീനില്‍ ഒന്നിക്കുന്നു. ‘കാണ്ഡഹാര്‍’ എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിന്‍റെ രചനയും സംവിധാനവും മേജര്‍ രവി.
മലയാളത്തിലെ ഒരു പ്രമുഖ മാധ്യമം സംഘടിപ്പിച്ച ഒരു ചടങ്ങില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് അമിതാഭ് ബച്ചന്‍ മലയാളത്തില്‍ അഭിനയിക്കാന്‍ സമ്മതം നല്‍കിയത്. മോഹന്‍ലാലിന്‍റെ പ്രത്യേകക്ഷണം സ്നേഹപൂര്‍വം സ്വീകരിക്കുകയായിരുന്നു ബിഗ്ബി.
കാണ്ഡഹാര്‍ വിമാനറാഞ്ചലാണ് ഈ സിനിമയുടെ പ്രമേയം. കീര്‍ത്തിചക്ര, കുരുക്ഷേത്ര എന്നീ സിനിമകളുടെ തുടര്‍ച്ചയായാണ് മേജര്‍ രവി ‘കാണ്ഡഹാര്‍’ ഒരുക്കുന്നത്. കേണല്‍ മഹാദേവന്‍ എന്ന കഥാപാത്രത്തെയായിരിക്കും മോഹന്‍ലാല്‍ അവതരിപ്പിക്കുക. റാഞ്ചപ്പെട്ട വിമാനത്തിലെ ഒരു യാത്രക്കാരന്‍റെ പിതാവായാണ് അമിതാഭ് ബച്ചന്‍ അഭിനയിക്കുക.
മേജര്‍ രവി എഴുതിയ തിരക്കഥയുമായി ലാലും രവിയും ബിഗ്ബിയുമായി ചര്‍ച്ച നടത്തി. ചര്‍ച്ചയ്ക്കൊടുവില്‍ മാധ്യമപ്രവര്‍ത്തകരെ കണ്ടപ്പോഴാണ് ‘ബച്ചന്‍ മലയാളത്തിലേക്ക്’ എന്ന് മോഹന്‍ലാല്‍ പ്രഖ്യാപിച്ചത്.
റസൂല്‍ പൂക്കുട്ടി ഈ സിനിമയുടെ ലൈവ് ശബ്ദലേഖനം നിര്‍വഹിക്കും. മോഹന്‍ലാലും അമിതാഭ് ബച്ചനും ഇത് രണ്ടാം തവണയാണ് ഒരു സിനിമയ്ക്ക് വേണ്ടി ഒത്തുചേരുന്നത്. രാം ഗോപാല്‍ വര്‍മ സംവിധാനം ചെയ്ത ആഗ് എന്ന ചിത്രത്തില്‍ ഇരുവരും ഒന്നിച്ചിരുന്നു.