മമ്മൂട്ടിയുടെ ‘സേതുരാമയ്യര്‍’ ഒരു ബ്രാന്‍ഡാണ്. അതിനെ മറയ്ക്കുന്ന ഒരു കുറ്റാന്വേഷകനെ മമ്മൂട്ടി ഇതുവരെ അവതരിപ്പിച്ചിട്ടില്ലെന്നു തന്നെ പറയാം. ഇപ്പോഴിതാ സേതുരാമയ്യരെ മറികടക്കുന്ന ഒരു ഉഗ്രന്‍ കുറ്റാന്വേഷകനെ മമ്മൂട്ടി മലയാളികള്‍ക്ക് സമ്മാനിക്കാന്‍ ഒരുങ്ങുകയാണ്.
റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് മമ്മൂട്ടി കുറ്റാന്വേഷകനാകുന്നത്. ബോബി - സഞ്ജയ് തിരക്കഥയെഴുതുന്ന ഈ ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലറിന്‍റെ ചിത്രീകരണം നവംബറില്‍ ആരംഭിക്കും. കാള്‍ട്ടണ്‍ ഫിലിംസിന്‍റെ ബാനറില്‍ കരുണാകരനാണ് പേരിട്ടിട്ടില്ലാത്ത ഈ ചിത്രം നിര്‍മ്മിക്കുന്നത്. നായിക അന്യ ഭാഷയില്‍ നിന്നായിരിക്കും.
റോഷന്‍റെ ‘നോട്ടുബുക്ക്’ എന്ന സിനിമയ്ക്ക് തിരക്കഥയൊരുക്കിയത് ബോബി - സഞ്ജയ് ടീമാണ്. മലയാള സിനിമയില്‍ ഇതുവരെ സൃഷ്ടിക്കപ്പെട്ടിട്ടില്ലാത്ത രീതിയിലൊരു സിനിമയാണ് റോഷനും തിരക്കഥാകൃത്തുക്കളും ആലോചിക്കുന്നത്. മമ്മൂട്ടിയും റോഷന്‍ ആന്‍ഡ്രൂസും ഒരുമിക്കുന്നത് ഇതാദ്യമാണ്.
റോഷന്‍ ഇപ്പോള്‍ ‘കാസനോവ’ എന്ന തന്‍റെ സ്വപ്നപദ്ധതിയുടെ തിരക്കിലാണ്. മോഹന്‍ലാല്‍ നായകനാകുന്ന ഈ സിനിമയുടെ ചിത്രീകരണം മാര്‍ച്ചില്‍ ആരംഭിക്കും. ആശീര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂരാണ് കാസനോവ നിര്‍മ്മിക്കുന്നത്.