തമിഴില്‍ എം ജി ആര്‍ നായകനായി അഭിനയിച്ച് മെഗാഹിറ്റായ ‘ഉലകം ചുറ്റും വാലിബന്‍’ മലയാളത്തിലേക്ക് വരുന്നു. പൃഥ്വിരാജിനെ നായകനാക്കി സജി സുരേന്ദ്രനാണ് ഇതേ പേരില്‍ ചിത്രമൊരുക്കുന്നത്. എം ജി ആറിന്‍റെ വാലിബനുമായി പേരില്‍ മാത്രമായിരിക്കും പൃഥ്വിയുടെ വാലിബന് സാമ്യം.
പൃഥ്വിയ്ക്കൊപ്പം ജയസൂര്യയും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഇവര്‍ വിവാഹിതരായാല്‍, ഹാപ്പി ഹസ്ബന്‍ഡ്സ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം സജിയുടെ മൂന്നാമത്തെ ചിത്രത്തിലാണ് ജയസൂര്യ അഭിനയിക്കുന്നത്.
ഒരുപാട് നാട്ടിന്‍ പുറങ്ങളിലൂടെ കഥ പുരോഗമിക്കുന്ന ഉലകം ചുറ്റും വാലിബന് തിരക്കഥയൊരുക്കുന്നത് കൃഷ്ണ പൂജപ്പുരയാണ്. സജിയുടെ ആദ്യ രണ്ട് ചിത്രങ്ങള്‍ക്കും കൃഷ്ണ തന്നെയാണ് തിരക്കഥ ഒരുക്കിയത്. തനി നാടന്‍ സ്വഭാവമുള്ള രണ്ട് കള്ളന്‍മാരുടെയും അവരെ പിന്തുടരുന്ന ഒരു പൊലീസ് ഇന്‍സ്പെക്ടറുടെയും കഥയാണ് മലയാളത്തിലെ ഉലകം ചുറ്റും വാലിബന്‍ പറയുന്നത്.
ഗായത്രി ഫിലിംസിന്റെ ബാനറില്‍ മിലന്‍ ജലീല്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം ഈ വര്‍ഷം അവസാനം ആരംഭിക്കും. ചോക്ലേറ്റ്, ക്ലാസ്മേറ്റ്സ്, കങ്കാരു, സ്വപ്നക്കൂട്, റോബിന്ഹുഡ് തുടങ്ങിയ ചിത്രങ്ങള്‍ക്ക് ശേഷം പൃഥ്വിയും ജയസൂര്യയും വീണ്ടും ഒരുമിക്കുന്ന ചിത്രം കൂടിയാകും ഉലകം ചുറ്റും വാലിബന്.