‘എ വെനസ്ഡേ’ ബോളിവുഡിന് ഒരു പുതുമയായിരുന്നു. മള്‍ട്ടിപ്ലക്സ് പ്രേക്ഷകര്‍ക്കായി തയ്യാറാക്കിയ ആ സിനിമ കോടികളാണ് ബോക്സോഫീസില്‍ കൊയ്തത്. നീരജ് പാണ്ഡേ എന്ന സംവിധായകനെ ഇന്ത്യന്‍ സിനിമാലോകം അറിഞ്ഞതും ആ ചിത്രത്തിലൂടെയാണ്. എ വെനസ്ഡേ തമിഴില്‍ ‘ഉന്നൈപ്പോല്‍ ഒരുവന്‍’ എന്ന പേരില്‍ കമലഹാസന്‍ റീമേക്ക് ചെയ്യുകയും ചെയ്തു.
ഇപ്പോഴിതാ നീരജ് തന്‍റെ പുതിയ ചിത്രം പ്രഖ്യാപിച്ചിരിക്കുന്നു. ‘സ്പെഷ്യല്‍ ഛബ്ബീസ്’ എന്നാണ് ചിത്രത്തിന്‍റെ പേര്. അഭിഷേക് ബച്ചന്‍ നായകനാകുന്ന ഈ സിനിമ ഒരു യഥാര്‍ത്ഥ സംഭവത്തിന്‍റെ ആവിഷ്കാരമാണ്. 1987ല്‍ മുംബൈയിലെ ത്രിഭുവന്‍ദാസ് ഭീംജി സാവേരി ജ്വല്ലറിയില്‍ നടന്ന കൊള്ളയാണ് ചിത്രത്തിന് ആധാരം. ബുദ്ധിമാനായ മോഷ്ടാവായാണ് അഭിഷേക് വേഷമിടുന്നത്.
26 പേരെ ആദായ നികുതി ഉദ്യോഗസ്ഥര്‍ എന്ന പേരില്‍ ജ്വല്ലറിയിലേക്ക് അയച്ച് റെയ്ഡ് നടത്തുകയും അതിനിടെ വമ്പന്‍ മോഷണം നടത്തുകയും ചെയ്യുന്ന മോഹന്‍സിംഗ് എന്ന കഥാപാത്രം അഭിഷേക് ബച്ചന്‍റെ കരിയറിലെ വഴിത്തിരിവായിരിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. 2010 മധ്യത്തോടെ ചിത്രീകരണം ആരംഭിക്കുന്ന ഈ ത്രില്ലര്‍ ഡല്‍ഹി, കൊല്‍ക്കത്ത, മുംബൈ, ഛത്തീസ്ഗഡ് എന്നിവിടങ്ങളിലായി ചിത്രീകരിക്കും.
മൂന്ന് ഗാനങ്ങളാണ് സ്പെഷ്യല്‍ ഛബ്ബീസില്‍ ഉള്ളത്. ‘എ വെനസ്ഡേ’യ്ക്ക് ശേഷമെത്തുന്ന നീരജ് പാണ്ഡേ ചിത്രം എന്ന നിലയില്‍ വമ്പന്‍ പ്രതീക്ഷയാണ് പ്രേക്ഷകലോകം ഈ സിനിമയ്ക്ക് മേല്‍ പുലര്‍ത്തുന്നത്. മീഡിയാഗേള്‍ ഏക്താ കപൂര്‍ സ്പെഷ്യല്‍ ഛബ്ബീസിന്‍റെ നിര്‍മ്മാണം ഏറ്റെടുത്തിട്ടുണ്ട്.