ബോളിവുഡില്‍ അതിശയക്കാഴ്ചയുമായി അമിതാഭ് ബച്ചന്‍ വീണ്ടും വരികയാണ്. ആര്‍ ബാലകൃഷ്ണന്‍ എന്ന ബാല്‍കി സംവിധാനം ചെയ്യുന്ന ‘പാ’ എന്ന ചിത്രത്തിലാണ് രൂപത്തിലും ഭാവത്തിലും അമ്പരപ്പിക്കുന്ന മാറ്റങ്ങളുമായി ബിഗ് ബി പ്രത്യക്ഷപ്പെടുന്നത്. ഈ ചിത്രത്തില്‍ അഭിഷേക് ബച്ചന്‍റെ മകനായാണ് സാക്ഷാല്‍ അമിതാഭ് അഭിനയിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.
‘പ്രൊഗേറിയ’ അല്ലെങ്കില്‍ അകാല വാര്‍ദ്ധക്യം ബാധിച്ച കുട്ടിയായാണ് ‘പാ’യില്‍ അമിതാഭ് ബച്ചന്‍ എത്തുന്നത്. ഒരു സ്കൂള്‍ കുട്ടിയുടെ വേഷമാണ് ചിത്രത്തില്‍ അമിതാഭിന്. എന്നാല്‍ ത്വക്ക് ചുക്കിച്ചുളിഞ്ഞ് വാര്‍ദ്ധക്യത്തിലെത്തിയ ശരീരം. സ്കൂള്‍ബാഗും യൂണിഫോമും കണ്ണടയും ധരിച്ച് മൊട്ടത്തലയനായ അമിതാഭിനെ തിരിച്ചറിയാന്‍ തന്നെ പ്രയാസം.
ഓറോ എന്നാണ് ബച്ചന്‍ കഥാപാത്രത്തിന്‍റെ പേര്. 13 വയസുണ്ട്. രാഷ്ട്രീയ നേതാവായ അമോല്‍ ആര്‍തെ(അഭിഷേക് ബച്ചന്‍)യുടെയും ഗൈനക്കോളജിസ്റ്റായ വിദ്യ(വിദ്യാ ബാലന്‍)യുടെയും മകന്‍. അമോല്‍ ആര്‍തെ ആദര്‍ശവും നിറയെ ആശയങ്ങളുമുള്ള ഒരു രാഷ്ട്രീയക്കാരനാണ്. രാഷ്ട്രീയലോകം അത്ര മോശം ഇടമല്ലെന്ന് തെളിയിക്കാനാണ് അമോലിന്‍റെ ശ്രമം. അപൂര്‍വ്വ രോഗം ബാധിച്ച ഒരു കുട്ടിയുടേയും അവന്‍റെ പിതാവിന്‍റെയും ഹൃദയ സ്പര്‍ശിയായ കഥയാണ് ബാല്‍കി പറയുന്നത്.
ഇളയരാജയാണ് ‘പാ’യുടെ സംഗീത സംവിധായകന്‍. ബാല്‍കിയുടെ കഴിഞ്ഞ ചിത്രമായ ‘ചീനി കം’ സംഗീതസാന്ദ്രമാക്കിയതും ഇളയരാജയായിരുന്നു. അമിതാഭ് ബച്ചന്‍ തന്നെ നിര്‍മ്മിക്കുന്ന ഈ സിനിമയുടെ ഛായാഗ്രഹണം പി സി ശ്രീറാം. 15 കോടി രൂപ മുതല്‍മുടക്കില്‍ ഒരുങ്ങുന്ന ‘പാ’ ഡിസംബര്‍ നാലിന് അഡ്‌ലാബ്സ് ഫിലിംസ് പ്രദര്‍ശനത്തിനെത്തിക്കും.
വാല്‍ക്കഷണം: ദി ക്യൂരിയസ് കേസ് ഓഫ് ബഞ്ചമിന്‍ ബട്ടണ്‍ ഇനി ഏതൊക്കെ രീതിയില്‍ കാണേണ്ടിവരും ദൈവങ്ങളേ...