‘പുതിയ മുഖം’ ടീം വീണ്ടും വരികയാണ്. ഇത്തവണയും ആക്ഷന്‍ ചിത്രം തന്നെ. നേരത്തേ ‘ശിങ്കാരവേലന്‍’ എന്ന പ്രൊജക്ട് ആണ് ആലോചിച്ചിരുന്നതെങ്കിലും അതില്‍ മാറ്റം വന്നിട്ടുണ്ട്. ദീപന്‍ സംവിധാനം ചെയ്യുന്ന പൃഥ്വിരാജ് ചിത്രത്തിന്‍റെ പേര് ‘സിറ്റ് ഓഫ് ഗോഡ്’. തിരക്കഥ രചിക്കുന്നത് പൃഥ്വിരാജിന്‍റെ നിരവധി സിനിമകള്‍ക്ക് രചന നിര്‍വഹിച്ച ബാബു ജനാര്‍ദ്ദനന്‍.
വ്യത്യസ്തമായ ഒരു കഥയാണ് സിറ്റി ഓഫ് ഗോഡിന്‍റേത്. യഥാര്‍ത്ഥത്തില്‍ മൂന്നു കഥയാണ് ചിത്രത്തിന്. എന്നാല്‍ മൂന്നു കഥകള്‍ക്കും ചേര്‍ന്ന് ഒരു ക്ലൈമാക്സ്. ജ്യോതിലാല്‍ എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നത്. നല്ല കുടുംബത്തിലെ സന്തതിയും വിദ്യാസമ്പന്നനുമാണ് ജ്യോതി. എന്നാല്‍ എങ്ങനെയോ അവനൊരു ക്രിമിനല്‍ പശ്ചാത്തലമുണ്ടായി.
മൂന്നു വിധവകളുടെയും അവരുടെ ജീവിതത്തിലേക്ക് കടന്നുവരുന്ന ഒരു ചെറുപ്പക്കാരന്‍റെയും കഥയാണ് സിറ്റി ഓഫ് ഗോഡെന്ന് ഒറ്റ വാചകത്തില്‍ പറയാം. നവ്യാ നായര്‍, റിമ കല്ലിങ്കല്‍, ശ്വേതാ മേനോന്‍ എന്നിവരാണ് നായികമാര്‍. അനൂപ് മേനോന്‍ മികച്ച ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
മൂന്നു വിധവകളുടെയും ജീവിതത്തിലെ നിര്‍ണ്ണായകമായ ഒരു രാത്രിയാണ് കഥയിലെ വഴിത്തിരിവ്. പലരുടെ കാഴ്ചപ്പാടിലൂടെ ഒരു സംഭവത്തെ നോക്കിക്കാണുന്ന പ്രത്യേക തരത്തിലുള്ള സ്ക്രിപ്റ്റിംഗാണ് ബാബു ജനാര്‍ദ്ദനന്‍ സിറ്റി ഓഫ് ഗോഡിനു വേണ്ടി നിര്‍വഹിക്കുന്നത്. അകിരാ കുറസോവ ‘റാഷമോണ്‍’ എന്ന ചിത്രത്തില്‍ ഈ ടെക്നിക് ഉപയോഗിച്ചിട്ടുണ്ട്. മണിരത്നത്തിന്‍റെ ആയുധ എഴുത്ത്, ലാല്‍ ജോസിന്‍റെ ക്ലാസ്മേറ്റ്സ് തുടങ്ങിയ സിനിമകളിലും ഈ തിരക്കഥാ സങ്കേതം ഫലപ്രദമായി ഉപയോഗിച്ചു.
ബ്രാവോ എന്‍റര്‍ടെയ്ന്‍മെന്‍റിന്‍റെ ബാനറില്‍ ഷാജി നടേശന്‍ നിര്‍മ്മിക്കുന്ന ഈ സിനിമയിലെ ഗാനങ്ങള്‍ ഒരുക്കുന്നത് അനില്‍ പനച്ചൂരാന്‍ - വിനു തോമസ് ടീമാണ്. ഷ്യാം ദത്താണ് ക്യാമറ. കിംഗ് മേക്കര്‍ ലീഡര്‍, പുതിയ മുഖം എന്നീ സിനിമകള്‍ക്കു ശേഷം ദീപന്‍ സംവിധാനം ചെയ്യുന്ന ഈ സിനിമയുടെ ചിത്രീകരണം നവംബര്‍ 20ന് കൊച്ചിയില്‍ ആരംഭിക്കും.