ട്വന്‍റി-ട്വന്‍റിക്ക് ശേഷം സൂപ്പര്‍ താരങ്ങളെ നായകന്‍മാരാക്കി ജോഷി അണിയിച്ചൊരുക്കുന്ന ക്രിസ്ത്യന്‍ ബ്രദേഴ്സില്‍ താന്‍ അഭിനയിക്കുന്നുവെന്ന് വാര്‍ത്ത നല്‍കിയതിനെതിരെ തമിഴ് സൂപ്പര്‍ താരം അര്‍ജുന്‍ രംഗത്തെത്തി. തന്‍റെ അറിവോ സമ്മതമോ ഇല്ലാതെയാണ് താന്‍ ഈ ചിത്രത്തില്‍ അഭിനയിക്കുന്നുവെന്ന വാര്‍ത്ത സംവിധായകനും അണിയറപ്രവര്‍ത്തകരും പുറത്തുവിട്ടതെന്ന് അര്‍ജുന്‍ ഒരു സ്വകാര്യ വാര്‍ത്താ ചാനലിനോട് വെളിപ്പെടുത്തി.
ചിത്രത്തിന്റെ പൂജയില്‍ തന്റെ ചിത്രമുള്‍ക്കൊള്ളിച്ച പോസ്റ്റര്‍ ഉപയോഗിച്ചതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അര്‍ജുന്‍ അറിയിച്ചു. കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനാണ് ആദ്യം പരാതി നല്‍കുക. ഇതിനുശേഷമേ നിയമനടപടിയി സ്വീകരിക്കുകയുള്ളൂ. ഇത്തരമൊരു ചിത്രത്തെക്കുറിച്ച് ഒന്നും അറിയില്ല. ഈ സിനിമയില്‍ താന്‍ അഭിനയിക്കുന്നുവെന്ന വാര്‍ത്ത ഞെട്ടലോടെയാണ് കേട്ടതെന്നും അര്‍ജുന്‍ പറഞ്ഞു.
ഉദയകൃഷ്ണ-സിബി കെ തോമസ് എന്നിവരുടേ തിരക്കഥയില്‍ ജോഷി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മോഹന്‍ലാല്‍, സുരേഷ് ഗോപി, ദിലീപ് എന്നിവര്‍ക്കൊപ്പമാണ് അര്‍ജുന്‍ അഭിനയിക്കുന്നതായി പ്രമുഖ മാധ്യമങ്ങളില്ലാം വാര്‍ത്ത വന്നത്. അര്‍ജുനെ കൂടി ഉള്‍പ്പെടുത്തി പോസറ്ററുകള്‍ വരെ അടിച്ചിറക്കുകയും ചെയ്തിരുന്നു.
പൃഥ്വീരാജിനെ നായകനാക്കി ഒരുക്കിയ റോബിന്‍ഹുഡിനുശേഷം ജോഷി ഒരുക്കുന്ന ചിത്രത്തില്‍ ദിലീപിന് പകരം പൃഥ്വിയെയായിരുന്നു ജോഷി ആദ്യം കാസ്റ്റ് ചെയ്തിരുന്നത്. എന്നാല്‍ തന്നോട് ചോദിക്കുക പോലും ചെയ്യാതെ ഇത് അനൌണ്‍സ് ചെയ്തതില്‍ പ്രതിഷേധിച്ച് പൃഥ്വി ചിത്രത്തില്‍ നിന്ന് പിന്‍മാറുകയായിരുന്നു.
ഇതിനുശേഷം ചിത്രത്തിന്‍റെ നിര്‍മാണച്ചെലവ് മൂന്നരക്കോടി രൂപയില്‍ അധികമാവുമെന്ന് ആരോപിച്ച് നിര്‍മാതാക്കളുടെ സംഘടന ക്രിസ്ത്യന്‍ ബ്രദേഴ്സിന്‍റെ നിര്‍മാതാവായ വര്‍ണചിത്ര സുബൈറിനെ രംഗത്തു വന്നു. ഒടുവില്‍ അര്‍ജുന്‍ കൂടി രംഗത്തെത്തിയതോടെ ആരാധകരില്‍ ഏറെ പ്രതീക്ഷ ഉയര്‍ത്തിയ ചിത്രത്തിന്‍റെ ഭാവിയെക്കുറിച്ച് ആശങ്ക ഉയരുകയാണ്.