ഭരതന് ടച്ചുള്ള സിനിമയുമായാണ് സിദ്ധാര്‍ത്ഥ് ഭരതന്‍ സംവിധായകനാകാന്‍ ഒരുങ്ങുന്നത്. ആദ്യ ചിത്രമായ ‘മിത്രം’ ലൈംഗികതയിലൂന്നിയ പ്രണയമാണ് വിഷയമാക്കുന്നത്. രതി പിന്നീട് പ്രണയവും ആത്മബന്ധവും ആകുന്നതാണ് ചിത്രത്തിന്‍റെ പ്രമേയം. ആസിഫ് അലിയും ശ്രുതി മേനോനുമാണ് നായകനും നായികയും.
പുതിയ തലമുറയുടെ മനസും വികാരവും ഉള്‍ക്കൊണ്ട സിനിമയായിരിക്കും മിത്രമെന്ന് സിദ്ധാര്‍ത്ഥന്‍ വെളിപ്പെടുത്തി. മലയാളികളുടെ സദാചാര കാപട്യങ്ങളെ വെല്ലുവിളിക്കുന്ന പ്രമേയമാണിതെന്നും അതുകൊണ്ടുതന്നെ ഇതിനെ ഒരു ‘ബബിള്‍ഗം സിനിമ’യായി കാണേണ്ടതില്ലെന്നും സംവിധായകന്‍ പറയുന്നു.
ഈ സിനിമയിലെ നായികാ വേഷം ചെയ്യാനായി സിദ്ധാര്‍ത്ഥന്‍ അഞ്ച് നടിമാരെ സമീപിച്ചു. എന്നാല്‍ ലൈംഗികതയുടെ അതിപ്രസരമുള്ളതിനാല്‍ അവരെല്ലാം പിന്‍മാറി. ഒടുവില്‍ ശ്രുതി മേനോന്‍ എന്ന നടി ഈ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ ധൈര്യപൂര്‍വം മുന്നോട്ടു വരികയായിരുന്നു.
ശ്രുതി മേനോനെ മലയാളികള്‍ക്ക് നേരത്തേ പരിചയമുണ്ട്. ലിജി ജെ പുല്ലാപ്പിള്ളി സംവിധാനം ചെയ്ത ‘സഞ്ചാരം’ എന്ന സിനിമയില്‍ സ്വവര്‍ഗരതിക്കാരിയായി അവര്‍ അഭിനയിച്ചിരുന്നു. നായകന്‍ ആസിഫ് അലിയാകട്ടെ, ശ്യാമപ്രസാദിന്‍റെ ‘ഋതു’വിലൂടെ കഴിവു തെളിയിച്ചയാളാണ്.
സന്തോഷ് ഏച്ചിക്കാനം തിരക്കഥയെഴുതുന്ന മിത്രം നിര്‍മ്മിക്കുന്നത് ഡേവിഡ് കാച്ചപ്പിള്ളിയാണ്. കലാഭവന്‍ മണി, നെടുമുടി വേണു, സലിം കുമാര്‍, ഇന്നസെന്‍റ്, കെ പി എ സി ലളിത തുടങ്ങിയവരും അഭിനയിക്കുന്നു. മോഹന്‍ സിത്താരയാണ് സംഗീതം.