‘ഉദയനാണ് താരം’ പിന്നെയും പിന്നെയും സംഭവിക്കുന്നു. അതെ, ഉദയന്‍റെ കഥ മോഷ്ടിക്കുന്ന സരോജ്കുമാരന്‍മാര്‍ സിനിമാലോകത്ത് ദിനംപ്രതി കൂടിവരികയാണ്. മോഷണക്കഥകളില്‍ പ്രതിയുടെയും ഇരയുടെയും പേരുകള്‍ മാത്രം മാറിവരുന്നു. ഇത് മലയാള സിനിമയുടെ മാത്രം കഥയല്ല. ഏറ്റവും പുതിയ മോഷണക്കഥ കോളിവുഡില്‍ നിന്നാണ്.
‘പൊല്ലാതവന്‍’ എന്ന ഒറ്റച്ചിത്രത്തിലൂടെ തമിഴകത്തെ മുന്‍നിര സംവിധായകനായ ആളാണ് വെട്രിമാരന്‍. ധനുഷ് നായകനായ പൊല്ലാതവന്‍ കോടികളാണ് ബോക്സോഫീസില്‍ നേടിയത്. ഒരു ബൈക്ക് മോഷണവും അതിനു പിന്നിലെ രക്തം മരവിക്കുന്ന സത്യങ്ങളുമാണ് പൊല്ലാതവന്‍റെ പ്രമേയം. വിറ്റോറിയോ ഡിസീക്കയുടെ ‘ബൈസിക്കിള്‍ തീവ്സ്’ എന്ന ഇറ്റാലിയന്‍ സിനിമയില്‍ നിന്നാണ് പൊല്ലാതവന്‍റെ കഥ വെട്രിമാരന്‍ സൃഷ്ടിച്ചതെന്ന് അന്ന് ആരോപണമുണ്ടായിരുന്നു.
പൊല്ലാതവന്‍റെ വിജയം നല്‍കിയ ആവേശത്തില്‍ വെട്രിമാരന്‍ അടുത്ത ചിത്രത്തിന്‍റെ ഷൂട്ടിംഗും തുടങ്ങി. ‘ആടുകളം’ എന്നാണ് സിനിമയുടെ പേര്. ധനുഷ് തന്നെ നായകന്‍. ഗുണ്ടാസംഘങ്ങളും അവയുടെ തെരുവുയുദ്ധങ്ങളുമൊക്കെയാണ് കഥ. എന്നാല്‍ ഈ സിനിമയുടെ തിരക്കഥ വെട്രിമാരന്‍ മോഷ്ടിച്ചതാണെന്ന് ആരോപണം ഉയര്‍ന്നിരിക്കുന്നു. തന്‍റെ സംവിധാന സഹായിയായ ഒരു യുവാവ് രചിച്ച ‘സെവല്‍ കാറ്റ്’ എന്ന തിരക്കഥയാണത്രേ വെട്രിമാരന്‍ അടിച്ചുമാറ്റിയത്.
തന്‍റെ തിരക്കഥ നഷ്ടപ്പെട്ട വിവരം ഏറെ ദിവസങ്ങള്‍ക്ക് ശേഷമാണ് യുവാവ് അറിയുന്നത്. അപ്പോഴേക്കും ആടുകളത്തിന്‍റെ ചിത്രീകരണം പകുതിയായിരുന്നു. ഉടന്‍ തന്നെ യുവാവ് പ്രൊഡ്യൂസേഴ്സ് കൌണ്‍സിലില്‍ വെട്രിമാരനെതിരെ പരാതി നല്‍കി. സംഗതി കുഴപ്പമാകുമെന്നറിഞ്ഞ വെട്രിമാരനും ആടുകളത്തിന്‍റെ നിര്‍മ്മാതാവും യുവാവിന് തിരക്കഥയുടെ പ്രതിഫലമായി 30 ലക്ഷം രൂപ നല്‍കി പ്രശ്നം ഒത്തുതീര്‍പ്പാക്കി എന്നാണ് അറിയുന്നത്.
എന്തായാലും ആടുകളത്തിന്‍റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. 30 ലക്ഷം പ്രതിഫലമായി ലഭിച്ച ചെറുപ്പക്കാരന് തിരക്കഥയുടെ ക്രെഡിറ്റ് ലഭിക്കുമോ എന്നറിയില്ല. ‘തിരക്കഥ, സംവിധാനം - വെട്രിമാരന്‍’ എന്നു കണ്ടാലും അത്ഭുതപ്പെടേണ്ടതില്ല.