റോബിന്‍ഹുഡിനു ശേഷം ജോഷി സംവിധാനം ചെയ്യുന്ന ക്രിസ്ത്യന്‍ ബ്രദേഴ്സില്‍ സുരേഷ് ഗോപി നായകന്‍. ഗുണ്ടകളുടെ കഥയാണ് ഇത്തവണ ജോഷി പറയുന്നത്. സുരേഷ്ഗോപിക്കൊപ്പം തുല്യ പ്രാധാന്യമുള്ള വേഷത്തില്‍ ദിലീപൊ പൃഥ്വിരാജോ എത്തുമെന്നാണ് സൂചന.
ട്വന്‍റി-20ക്ക് ശേഷം സിബി-ഉദയന്‍മാരുടേ തിരക്കഥയില്‍ ജോഷി ഒരുക്കുന്ന ചിത്രം കൂടിയാണിത്. വര്‍ണചിത്രയുടെ ബാനറില്‍ മെഡിമിക്സ് അനൂപ് ആണ് ചിത്രം നിര്‍മിക്കുന്നത്. നവംബര്‍ അഞ്ചിന് ചിത്രീകരണം ആരംഭിക്കുന്ന ചിത്രം അടുത്ത വര്‍ഷം ആദ്യം തിയറ്ററുകളിലെത്തും.
ഗുണ്ടകളുടെ കഥാപശ്ചാത്തലത്തില്‍ ഷാഫി ഒരുക്കുന്ന ചട്ടമ്പിനാടും അണിയറയില്‍ ഒരുങ്ങുന്നുണ്ട്. സുരേഷ്ഗോപിയെ നായകനാക്കി ജോഷിയെടുത്ത ജന്‍മം ഇനിയും റിലീസ് ചെയ്തിട്ടില്ല. ഇതിനുശേഷമായിരുന്നു ഇരുവരും ട്വന്‍റി-20യില്‍ ഒരുമിച്ചത്.
ഇടക്കാലത്ത് ജോഷി ചിത്രങ്ങളിലെ സ്ഥിരം നായകനായിരുന്ന സുരേഷ്ഗോപി പത്രം, ലേലം, വാഴുന്നോര്‍ എന്നീ ചിത്രങ്ങളിലൂടെ തുടര്‍ച്ചയായ ഹിറ്റുകള്‍ സമ്മാനിക്കുകയും ചെയ്തു. പിന്നീട് ഇവരുടെ കൂട്ടുകെട്ടില്‍ ഒരു ഇടവേളയുണ്ടായി. ജോഷിയാകട്ടെ ദിലീപിനെയും മോഹന്‍ലാലിനെയും നായകന്‍മാരാക്കി നരന്‍, റണ്‍വേ തുടങ്ങിയ ഹിറ്റുകളൊരുക്കുകയും ചെയ്തു.
ഒരിടവേളക്കുശേഷം ജോഷിയും സുരേഷ്ഗോപിയും ഒരുമിച്ച ജന്‍മം പെട്ടിയിലുരുന്നതോടെ ഈ കൂട്ടുക്കെട്ടില്‍ വീണ്ടും വിള്ളല്‍ വീണു. എന്നാല്‍ എല്ലാം സൂപ്പര്‍താരങ്ങളെയും നായകന്‍മാരാക്കി ജോഷി ഒരുക്കിയ ട്വന്‍റി-20യില്‍ ആന്‍റണി പുന്നക്കാടന്‍ എന്ന ഐ പി എസ് ഓഫീസറായി സുരേഷ്ഗോപി കാഴ്ചവെച്ച മിന്നുന്ന പ്രകടനമാണ് വീണ്ടും ഈ കൂട്ടുകെട്ടിനെ ഒരുമിപ്പിച്ചത്. ആന്‍റണി പുന്നക്കാടന്‍ എന്നപേരില്‍ ഒരു സിനിമ ചെയ്യാന്‍ സിബി-ഉദയന്‍മാര്‍ ജോഷിയെ സമീപിക്കുകയും ചെയ്തിരുന്നു.