ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന മമ്മൂട്ടിച്ചിത്രത്തിന് ദ്രോണര്‍ എന്നു പേരിട്ടു. വാസ്തുശില്‍പ്പിയായ ബ്രാഹ്മണനായാണ് മമ്മൂട്ടി ഈ ചിത്രത്തില്‍ അഭിനയിക്കുന്നത്. നവംബര്‍ ആദ്യം ചിത്രീകരണം ആരംഭിക്കുന്ന ദ്രോണരുടെ രചയിതാവ് എ കെ സാജനാണ്.
സുനിതാ പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ എം മണിയാണ് ചിത്രം നിര്‍മ്മിക്കുന്നത്. പതിവില്‍ നിന്ന് വിപരീതമായി ഒരു ഹൊറര്‍ മൂഡിലുള്ള ചിത്രമാണ് ഇത്തവണ ഷാജി കൈലാസ് ഒരുക്കുന്നത്.
മമ്മൂട്ടി അവതരിപ്പിക്കുന്ന വാസ്തുശില്‍പ്പി ഒരു മാന്തികന്‍ കൂടിയാണ്. മന്ത്രതന്ത്ര വിദ്യകളില്‍ അപാരമായ അറിവുള്ള ഇദ്ദേഹം വാസ്തുവിദ്യ അനുസരിച്ച് വലിയ സൌധങ്ങള്‍ തീര്‍ക്കാന്‍ പ്രാവീണ്യമുള്ളവനാണ്. ഒരിക്കല്‍ ഇദ്ദേഹം ഒരു പ്രേതഭവനത്തിലേക്ക് കടന്നു ചെല്ലുകയാണ്. തുടര്‍ന്നുണ്ടാകുന്ന സംഭവവികാസങ്ങളാണ് ദ്രോണരില്‍ വഴിത്തിരിവുണ്ടാക്കുന്നത്.
ഋതുവിലൂടെ ശ്രദ്ധേയയായ റീമ കല്ലുങ്കല്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. നായികയെ തീരുമാനിച്ചിട്ടില്ല. ഒറ്റപ്പാലം, പെരിന്തല്‍മണ്ണ എന്നിവിടങ്ങളിലായാണ് ദ്രോണര്‍ ചിത്രീകരിക്കുന്നത്. ദി കിംഗ്, ദി ട്രൂത്ത്, വല്യേട്ടന്‍ എന്നീ ഷാജികൈലാസ് ചിത്രങ്ങളിലാണ് മമ്മൂട്ടി നായകനായത്. നരസിംഹത്തില്‍ മമ്മൂട്ടി അതിഥിതാരമായിരുന്നു.
പൃഥ്വിരാജ് ചിത്രമായ 'രഘുപതി രാഘവ രാജാറാ' മിന്‍റെ തിരക്കിലാണ് ഇപ്പോള്‍ ഷാജി കൈലാസ്. മമ്മൂട്ടിയാകട്ടെ ചട്ടമ്പിനാട് പൂര്‍ത്തിയാക്കുന്ന തിരക്കിലും.