ഒരു വടക്കന്‍ വീരഗാഥയ്ക്ക് ശേഷം എംടി - മമ്മൂട്ടി - ഹരിഹരന്‍ എന്നീ പ്രതിഭകള്‍ ഒന്നിക്കുന്ന പഴശ്ശിരാജയെന്ന ചരിത്ര സിനിമ ചരിത്രമാകാനുള്ള ഒരുക്കത്തിലാണ്. ശബ്ദമിശ്രണത്തിന് ഓസ്കാര്‍ അവാര്‍ഡ് നേടിയ റസൂല്‍ പൂക്കുട്ടിയെയും ഇശൈജ്ഞാനി ഇളയരാജയെയും പഴശ്ശിരാജയില്‍ സഹകരിപ്പിക്കാന്‍ അണിയറ പ്രവര്‍ത്തകര്‍ക്കായി. ഇപ്പോഴിതാ മലയാളികളുടെ പ്രിയതാരം മോഹന്‍ലാലും പഴശ്ശിരാജയില്‍ സഹകരിക്കുന്നു.
പഴശ്ശിരാജയെ പ്രേക്ഷകര്‍ക്ക് പരിചയപ്പെടുത്തുന്ന ജോലിയാണ് മോഹന്‍ലാല്‍ ഏറ്റെടുത്തിരിക്കുന്നത്. ലാലിന്റെ അവതരണത്തോടെയായിരിക്കും പഴശ്ശിരാജ തുടങ്ങുക. കേരള ചരിത്രത്തില്‍ പഴശിരാജയ്ക്കുള്ള സ്ഥാനം, ധീരദേശാഭിമാന പൈതൃകത്തില്‍ അദ്ദേഹത്തിന്‍റെ ഔന്നത്യം എന്നിവയെ പറ്റിയൊക്കെ മോഹന്‍ലാല്‍ പ്രേക്ഷകരോട് വിശദീകരിക്കും. തുടര്‍ന്ന് ‘ശരിക്കുള്ള’ സിനിമ തുടങ്ങും. ഈ തന്ത്രത്താല്‍ ലാല്‍ ആരാധകരും പഴശ്ശിരാജയിലേക്ക് ആകര്‍ഷിക്കപ്പെടും.
പരമാവധി എട്ടു കോടി രൂപ ബജറ്റില്‍ തീര്‍ക്കാനുദ്ദേശിച്ച പഴശ്ശിരാജയ്ക്ക് 12 കോടി ചെലവു വന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. എംടിയുടെ ദശകങ്ങളോളം നീണ്‌ട പഠനങ്ങളുടെയും ഗവേഷണത്തിന്റെയും ഫലമാണ് ഈ ചരിത്ര സിനിമ. ഹോളിവുഡ് ചരിത്ര സിനിമകളുടെ നിലവാരത്തിലാണ് പഴശ്ശിരാജ തയ്യാറാക്കിയിട്ടുള്ളത്.
മമ്മൂട്ടി പഴശ്ശിരാജയെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ തമിഴ്‌താരം ശരത്കുമാറും വിദേശികളും ഉള്‍പ്പെടെ വന്‍താരനിര അഭിനയിക്കുന്നുണ്ട്. മനോജ് കെ ജയന്‍, സുരേഷ് കൃഷ്ണ, പത്മ പ്രിയ, കനിഹ എന്നിവര്‍ക്കൊപ്പം വയനാട്ടിലെ ആദിവാസി വിഭാഗമായ കുറിച്യരും വേഷമിടുന്നുണ്ട്.
പഴശ്ശിരാജ 560 തിയേറ്ററുകളിലാണ് ഒരേസമയം റിലീസ് ചെയ്യുന്നത്. ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലന്‍ നിര്‍മ്മിക്കുന്ന ചിത്രം മലയാളത്തിന് പുറമേ ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലും തിയേറ്ററുകളിലെത്തും. ഗാന്ധിജയന്തി ദിനമായ ഒക്ടോബര്‍ രണ്ടിനാണ് സിനിമ തീയേറ്ററുകളില്‍ എത്തുക. കേരളത്തില്‍ 120 തിയേറ്ററുകളില്‍ ചിത്രം റിലീസ് ചെയ്യും.
പഴശിരാജയുടെ ടിക്കറ്റ് വില്‍പ്പനയില്‍ പുതിയ മാര്‍ക്കറ്റിംഗ് തന്ത്രം ഉപയോഗപ്പെടുത്തുന്നതായി അറിയുന്നു. സൂപ്പര്‍മാര്‍ക്കറ്റുകളിലും പ്രൊവിഷന്‍ സ്റ്റോറുകളിലും ആയിരം രൂപയ്ക്കുമേല്‍ സാധനങ്ങള്‍ വാങ്ങുന്ന ഉപഭോക്താക്കള്‍ക്ക് മൂന്നു മുതല്‍ അഞ്ചുവരെ ബാല്‍ക്കണി ടിക്കറ്റുകള്‍ ഗിഫ്റ്റായി നല്‍കാനാണ് പരിപാടി.