ദിലീപിന് ഇത് കാലം അത്ര നല്ലതല്ല. അഭിനയിക്കുന്ന സിനിമകളൊക്കെ വന്‍ പരാജയം നേരിടുകയാണ്. നവാഗതനായ രഞ്ജിത് ശങ്കര്‍ സംവിധാനം ചെയ്ത പാസഞ്ചര്‍ മാത്രമാണ് അടുത്തകാലത്ത് ദിലീപിന്‍റേതായെത്തിയ ഒരു വിജയചിത്രം. ട്വന്‍റി 20യുടെ വന്‍ വിജയം ഒരിക്കലും ദിലീപ് എന്ന താരത്തിന് അവകാശപ്പെടാനാകില്ല. പാസഞ്ചറില്‍ കഥയായിരുന്നു താരം.
ഫാസില്‍ സംവിധാനം ചെയ്ത മോസ് ആന്‍റ് ക്യാറ്റ് എട്ടു നിലയില്‍ പൊട്ടിയത് ജനപ്രിയതാരത്തെ കുറച്ചൊന്നുമല്ല വിഷമവൃത്തത്തിലാക്കിയത്. വലിയ സംവിധായകര്‍ക്കൊപ്പം പ്രവര്‍ത്തിക്കുന്നതിലല്ല, പുതുമയുള്ള കഥയും അവതരണവും നല്‍കുന്ന ആത്മാര്‍ത്ഥതയുള്ള പ്രൊജക്ടുകള്‍ക്കൊപ്പം സഹകരിക്കുന്നതിലാണ് കാര്യം എന്നത് ദിലീപ് തിരിച്ചറിഞ്ഞു എന്നു തോന്നുന്നു.
ദിലീപ് നായകനാകുന്ന പുതിയ ചിത്രമാണ് ‘പാപ്പീ അപ്പച്ചാ’. നവാഗതനായ മമ്മാസാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഷാഫിയുടെയും റാഫി മെക്കാര്‍ട്ടിന്‍റെയും അസോസിയേറ്റായിരുന്നു മമ്മാസ്. സി ഒ ആന്‍റോ പാടിയ പ്രശസ്തമായ “പാപ്പീ...അപ്പച്ചാ” എന്ന ഗാനത്തെ അനുസ്മരിപ്പിക്കുന്ന പേരിട്ടുകൊണ്ട് ഒരു ആക്ഷന്‍ കോമഡി സിനിമയാണ് മമ്മാസ് ഒരുക്കുന്നത്.
അച്ഛനും മകനുമായി ദിലീപും ഇന്നസെന്‍റും വേഷമിടുന്ന ഈ സിനിമ ക്രിസ്ത്യന്‍ പശ്ചാത്തലത്തിലാണ് ഒരുങ്ങുന്നത്. ഗ്രാന്‍റ് പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ ദിലീപിന്‍റെ സഹോദരന്‍ അനൂപാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്.
കമല്‍ സംവിധാനം ചെയ്യുന്ന ഒരു ചിത്രത്തിലും ദിലീപ് അഭിനയിക്കുന്നുണ്ട്. സത്യരാജ് ആദ്യമായി മലയാളത്തില്‍ അഭിനയിക്കുന്ന ഈ സിനിമയില്‍ ഭാവനയാണ് നായിക. ഒരു പ്രതികാര കഥയാണിത്.