ഷാജി കൈലാസ് മമ്മൂട്ടിയെ നായകനാക്കി മൂന്നു ചിത്രങ്ങള്‍ മാത്രമേ സംവിധാനം ചെയ്തിട്ടുള്ളൂ. ദി കിംഗ്, ദി ട്രൂത്ത്, വല്യേട്ടന്‍ എന്നിവ. ഈ മൂന്നു സിനിമകളും സൂപ്പര്‍ ഹിറ്റുകളായിരുന്നു. നരസിംഹം എന്ന മെഗാഹിറ്റില്‍ മമ്മൂട്ടി അതിഥി വേഷത്തിലെത്തുകയും ചെയ്തു. ചുരുക്കത്തില്‍, മമ്മൂട്ടിയും ഷാജിയും ഒന്നിച്ചപ്പോഴെല്ലാം വമ്പന്‍ വിജയങ്ങളാണ് മലയാള സിനിമയില്‍ ഉണ്ടായിട്ടുള്ളത്.
ഈ കൂട്ടുകെട്ടിന്‍റെ ആരാധകര്‍ക്കിതാ ഒരു സന്തോഷ വാര്‍ത്ത. വല്യേട്ടനു ശേഷം ഇവരുടെ ഒരു ചിത്രം കൂടി അണിയറയില്‍ ഒരുങ്ങുകയാണ്. സുനിതാ പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ എം മണി നിര്‍മ്മിക്കുന്ന ഈ സിനിമയുടെ രചയിതാവ് എ കെ സാജനാണ്. ഓഗസ്റ്റില്‍ ചിത്രീകരണം ആരംഭിക്കുന്ന ഈ ചിത്രത്തിന് പേരിട്ടിട്ടില്ല. അരോമയാണ് ചിത്രം വിതരണം ചെയ്യുന്നത്.
ഇപ്പോള്‍ പൃഥ്വിരാജിനെ നായകനാക്കി ‘രഘുപതി രാഘവ രാജാറാം’ എന്ന ചിത്രത്തിന്‍റെ തിരക്കിലാണ് ഷാജി കൈലാസ്. എ കെ സാജനാണ് ആ ചിത്രത്തിന്‍റെയും തിരക്കഥ. അതിനു ശേഷമായിരിക്കും മമ്മൂട്ടി ചിത്രം ആരംഭിക്കുക. ചിന്താമണി കൊലക്കേസ്, റെഡ് ചില്ലീസ് എന്നീ ഷാജി കൈലാസ് ചിത്രങ്ങളുടെ രചയിതാവും സാജനായിരുന്നു.
എ കെ സാജനിപ്പോള്‍ തിരക്കോടു തിരക്കാണ്. ഷാജി കൈലാസിനു വേണ്ടി രണ്ടു ചിത്രങ്ങളുടെ രചന നടക്കുമ്പോള്‍ തന്നെ മറ്റൊരു ആക്ഷന്‍ രാജാവായ ജോഷിയുടെ രണ്ടു സിനിമകള്‍ക്കും സാജന്‍ എഴുതിക്കൊണ്ടിരിക്കുകയാണ്. യഥാക്രമം മമ്മൂട്ടിയും മോഹന്‍ലാലുമായിരിക്കും ജോഷി ചിത്രങ്ങളിലെ നായകന്‍മാര്‍.