മോഹന്ലാല് ബാങ്ക് ജീവനക്കാരനായി അഭിനയിക്കുന്നു. ജോഷി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് മോഹന്‍ലാല്‍ ഇടത്തരക്കാരനായ ഒരു ബാങ്ക് ജീവനക്കാരനായി വേഷമിടുന്നത്. സത്യവാഗീശ്വരന്‍ എന്നാണ് ഈ കഥാപാത്രത്തിന്‍റെ പേര്. എ കെ സാജന്‍ തിരക്കഥയെഴുതുന്ന ഈ സിനിമ ഉതൃട്ടാതി ഫിലിംസിന്‍റെ ബാനറില്‍ ശശി അയ്യഞ്ചിറയാണ് നിര്‍മ്മിക്കുന്നത്.
സെപ്റ്റംബറിലാണ് മോഹന്‍ലാല്‍ - ജോഷി ചിത്രത്തിന്‍റെ ചിത്രീകരണം ആരംഭിക്കുന്നത്. പോണ്ടിച്ചേരിയും ചെന്നൈയുമായിരിക്കും പ്രധാന ലൊക്കേഷനുകള്‍. ആക്ഷന്‍ പശ്ചാത്തലത്തിലുള്ള ഒരു കുടുംബചിത്രമായിരിക്കും ഇതെന്നാണ് സൂചന.
കരിയറിലെ ഏറ്റവും തിരക്കേറിയ സമയമാണ് ജോഷിക്ക് ഇപ്പോള്‍. പൃഥ്വിരാജിനെ നായകനാക്കി റോബിന്‍ഹുഡ് എന്ന ചിത്രം സംവിധാനം ചെയ്തുകൊണ്ടിരിക്കുകയാണ് അദ്ദേഹം. ഇതിനു ശേഷം മോഹന്‍ലാല്‍ ചിത്രം ആരംഭിക്കും. എ കെ സാജന്‍റെ തന്നെ രചനയില്‍ ഒരു മമ്മൂട്ടി സിനിമയും ജോഷി ചെയ്യുന്നുണ്ട്. ട്വന്‍റി 20യില്‍ സുരേഷ് ഗോപി അവതരിപ്പിച്ച 'ആന്‍റണി പുന്നക്കാടന്‍’ എന്ന കഥാപാത്രത്തെ കേന്ദ്രമാക്കി ഒരു പൊലീസ് സ്റ്റോറിയും ജോഷി പ്ലാന്‍ ചെയ്തിട്ടുണ്ട്.
ജനുവരി ഒരോര്‍മ, നാടുവാഴികള്‍, നമ്പര്‍ 20 മദ്രാസ് മെയില്‍, പ്രജ, മാമ്പഴക്കാലം, നരന്‍, ട്വന്‍റി 20 തുടങ്ങിയവയാണ് ജോഷിയും മോഹന്‍ലാലും ഒരുമിച്ച പ്രധാന സിനിമകള്‍.