മലയാളികളെ ഏറെ വേദനിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത സിനിമയാണ് കാണാക്കിനാവ്. മുരളി എന്ന നടന്‍റെ അതുല്യമായ അഭിനയവും അതിശക്തമായ വിഷയവും ആ സിനിമയെ ദേശീയതലത്തില്‍ ശ്രദ്ധേയമാക്കി. ഹിന്ദുവായ ഒരാളുടെ വീട്ടില്‍ രണ്ടു മുസ്ലിം കുട്ടികള്‍ വളര്‍ന്നാല്‍ സമൂഹം അതിനെ എങ്ങനെ നോക്കിക്കാണും എന്നതായിരുന്നു കാണാക്കിനാവിന്‍റെ പ്രമേയം.
ടി എ റസാഖിന്‍റെ തിരക്കഥയില്‍ സിബി മലയില്‍ സംവിധാനം ചെയ്ത കാണാക്കിനാവിന്‍റെ രണ്ടാം ഭാഗം വരുന്നു എന്നതാണ് പുതിയ വാര്‍ത്ത. യഥാര്‍ത്ഥ ജീവിതത്തില്‍ നിന്നും റസാഖ് പകര്‍ത്തിയ കഥയാണ് കാണാക്കിനാവിന്‍റേത്. അതിലെ കഥാപാത്രങ്ങളില്‍ പലരും ഇന്നും ജീവിച്ചിരിക്കുന്നവരാണ്.
ജാതിയോ മതമോ ഇല്ലാത്ത പുതിയ നാടു തേടി രണ്ടു മുസ്ലിം കുട്ടികളുമായി നായകനായ ചന്ദ്രദാസും ഭാര്യയും തോണി തുഴഞ്ഞു പോകുന്നിടത്താണ് കാണാക്കിനാവ് അവസാനിക്കുന്നത്. അവര്‍ ഏതെങ്കിലും തീരത്ത് എത്തിയിട്ടുണ്ടാകും. ആ കുട്ടികള്‍ വളര്‍ന്ന് വലുതായിട്ടുണ്ടാകും. ലോകം മതഭീകരതയില്‍ മുങ്ങി നില്‍ക്കുന്ന ഈ കാലത്ത് അവരുടെ ജീവിതം എങ്ങനെയായിരിക്കും എന്ന ചിന്തയാണ് കാണാക്കിനാവിന് ഒരു തുടര്‍ച്ച രചിക്കാന്‍ റസാഖിനെ പ്രേരിപ്പിച്ചത്.
കഥയ്ക്കും തിരക്കഥയ്ക്കും സംസ്ഥാന, ദേശീയ അവാര്‍ഡുകള്‍ കാണാക്കിനാവ് റസാഖിന് നേടിക്കൊടുത്തു. മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് മുരളിക്കും ആ ചിത്രത്തിലൂടെ ലഭിച്ചു. ചിത്രത്തിന്‍റെ രണ്ടാം ഭാഗം സംവിധാനം ചെയ്യുന്നതും സിബി മലയിലായിരിക്കും.