വര്‍ഷങ്ങള്‍ക്കു മുമ്പ് ഒരു ബസ് മുതലാളിയുടെ കഥ മലയാളികളെ ചിരിപ്പിച്ചിട്ടുണ്ട്. ദിലീപ് നായകനായ ‘ഈ പറക്കും തളിക’. സാധാരണക്കാരനായ ഒരു യുവാവിന് ഒരു ബസിന്‍റെ ഉടമസ്ഥനാകേണ്ടി വന്ന ആ കഥ പറഞ്ഞത് താഹ എന്ന സംവിധായകനാണ്. ആ ചിത്രത്തിന്‍റെ മെഗാവിജയത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് മറ്റൊരു സിനിമയുമായി താഹ വരികയാണ്.
അവിചാരിതമായി ഒരു കപ്പലിന്‍റെ ഉടമസ്ഥനാകേണ്ടി വരുന്ന ഒരു യുവാവിന്‍റെ ധര്‍മ്മ സങ്കടങ്ങളാണ് താഹയുടെ പുതിയ ചിത്രത്തിന്‍റെ പ്രമേയം. ‘കപ്പല്‍ മുതലാളി’ എന്നാണ് സിനിമയുടെ പേര്. ടി വി പരിപാടികളിലെ കോമഡി താരമായ രമേഷ് പിഷാരടിയാണ് ചിത്രത്തിലെ നായകന്‍. രമേഷ് പിഷാരടിയുടെ രണ്ടാമത്തെ ചിത്രമാണിത്. ജയസൂര്യ നായകനായ പോസിറ്റീവില്‍ പിഷാരടി ഒരു കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. പുതുമുഖം സരയൂ ആണ് നായിക. സരയൂ എറണാകുളം മഹാരാജാസ് കോലജില്‍ ഡിഗ്രി വിദ്യാര്‍ത്ഥിനിയാണ്.
മുകേഷ് ഈ ചിത്രത്തില്‍ സുപ്രധാനമായൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു. മുകേഷിനൊപ്പം തന്നെ പ്രാധാന്യമുള്ള വേഷത്തില്‍ ജഗദീഷുമുണ്ട്. ടു ഹരിഹര്‍ നഗറിന് ശേഷം മുകേഷ് - ജഗദീഷ് ടീമിന്‍റേതായി വരുന്ന ഏറ്റവും മികച്ച കോമഡികള്‍ ഈ സിനിമയിലുണ്ടായിരിക്കുമെന്ന് അണിയറപ്രവര്‍ത്തകര്‍ പറയുന്നു. താഹയും സച്ചി ദാമോദരനും ചേര്‍ന്നാണ് ഈ ചിത്രത്തിന്‍റെ തിരക്കഥ രചിക്കുന്നത്.
തിലകന്‍, സലിംകുമാര്‍, ജഗതി, സുരാജ് വെഞ്ഞാറമ്മൂട്, കവിയൂര്‍ പൊന്നമ്മ എന്നിവരാണ് മറ്റു താരങ്ങള്‍. സെഞ്ച്വറി വിഷന്‍റെ ബാനറില്‍ റമീസ് രാജയും മമ്മി സെഞ്ച്വറിയും ചേര്‍ന്നാണ് കപ്പല്‍ മുതലാളി നിര്‍മ്മിക്കുന്നത്.
മൂക്കില്ലാരാജ്യത്ത്, വാരഫലം, പറക്കും തളിക, കേരളാഹൌസ് ഉടന്‍ വില്പനയ്ക്ക്, ഹൈലേസാ തുടങ്ങിയവയാണ് താഹ സംവിധാനം ചെയ്ത ചിത്രങ്ങള്‍.