പഴശ്ശിരാജ വീണ്ടും മുങ്ങി. ഓഗസ്റ്റ് 15നു റിലീസ് ചെയ്യുമെന്നു പ്രഖ്യാപിക്കപ്പെട്ടിരുന്ന പഴശ്ശിരാജയുടെ പുതിയ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചിട്ടില്ല. റസൂല്‍ പൂക്കുട്ടി ശബ്ദലേഖനം ഏറ്റെടുത്തതാണ് ചിത്രത്തിന്‍റെ വരവ് വീണ്ടും വൈകിയതിന് പിന്നില്‍ എന്നു കരുതുന്നു. എന്തായാലും ഈ സിനിമയ്ക്ക് പകരം സ്വാതന്ത്ര്യദിനത്തില്‍ മമ്മൂട്ടിയുടേതായി മറ്റൊരു ചിത്രം വരുമെന്ന് ഉറപ്പായി. ആഷിഖ് അബു സംവിധാനം ചെയ്ത ഡാഡി കൂളാണ് ഓഗസ്റ്റ് 15ന് റിലീസ് ചെയ്യുന്നത്.
കഴിഞ്ഞ വര്‍ഷം വിഷുവിനും പിന്നീട് ഓണത്തിനും ക്രിസ്മസിനും പിന്നീട് ഈ വര്‍ഷം വിഷുവിനും റിലീസ് ചെയ്യാന്‍ ആലോചിച്ച ചിത്രമാണ് പഴശ്ശിരാജ. എന്നാല്‍ പലവിധ കാരണങ്ങള്‍ കൊണ്ട് റിലീസ് തീയതി മാറിപ്പോകുകയായിരുന്നു. ഒടുവില്‍ ചിത്രീകരണം പൂര്‍ത്തിയായി എഡിറ്റിംഗ് ആരംഭിച്ചതോടെയാണ് ഓഗസ്റ്റ് 15നു റിലീസ് ചെയ്യുമെന്ന് അന്തിമമായി പ്രഖ്യാപിച്ചത്. എഡിറ്റിംഗും ഡബിംഗും തുടര്‍ന്നുവരവേയാണ് റസൂല്‍ പൂക്കുട്ടി അവിചാരിതമായി ഈ പ്രൊജക്ടിന്‍റെ ഭാഗമാകുന്നത്.
കൂടുതല്‍ പെര്‍ഫെക്ഷന്‍ വരുത്താനായി സമയം കൂടുതല്‍ വേണ്ടിവരും എന്ന് വ്യക്തമായതോടെയാണ് റിലീസ് ഡേറ്റ് വീണ്ടും മാറ്റാന്‍ അണിയറപ്രവര്‍ത്തകര്‍ തയ്യാറായതെന്ന് കരുതുന്നു. എം ടി - ഹരിഹരന്‍ - മമ്മൂട്ടി - റസൂല്‍ പൂക്കുട്ടി എന്നിവരുടെ സംഗമം തന്നെയാണ് ഈ സിനിമയുടെ ഏറ്റവും വലിയ കരുത്ത്. കുറച്ചു വൈകിയാലും ഒരു മികച്ച സിനിമയായിരിക്കും പഴശ്ശിരാജ എന്നതില്‍ സംശയമില്ല.
മമ്മൂട്ടിയുടെ ഓണച്ചിത്രം ഷാജി എന്‍ കരുണ്‍ സംവിധാനം ചെയ്ത ‘കുട്ടിസ്രാങ്ക്’ ആയിരിക്കും എന്ന് ഏകദേശം ഉറപ്പായിട്ടുണ്ട്. വന്ദേമാതരം എന്ന ദ്വിഭാഷാ ചിത്രവും റിലീസിന് തയ്യാറായി നില്‍ക്കുകയാണ്. ഇതിനിടെ, ജോണി ആന്‍റണി സംവിധാനം ചെയ്ത പട്ടണത്തില്‍ ഭൂതം ജൂണ്‍ അവസാനം റിലീസ് ചെയ്യാനുള്ള ശ്രമം നടന്നുവരുന്നു.