ദീപാമേത്ത സംവിധാനം ചെയ്ത ‘വിദേശ്’ എന്ന സിനിമ ഈ മാസം 27ന് ഇന്ത്യയില്‍ റിലീസ് ചെയ്യും. ‘ഹെവന്‍ ഓണ് എര്‍ത്ത്’ എന്ന പേരില്‍ ഈ ചിത്രം അന്താരാഷ്ട്രതലത്തിലും പ്രദര്‍ശനത്തിനെത്തുന്നുണ്ട്. പ്രീതി സിന്‍റ നായികയാകുന്ന ഈ സിനിമ വിവാഹശേഷം പഞ്ചാബില്‍ നിന്ന് കാനഡയിലെത്തിപ്പെടുന്ന ഒരു പെണ്‍കുട്ടിയുടെ കഥയാണ് പറയുന്നത്.
“എന്‍റെ ഹൃദയത്തോട് ഏറ്റവും ചേര്‍ന്നു നില്‍ക്കുന്ന സിനിമയാണ് വിദേശ്. ഈ സിനിമയുടെ നിര്‍മ്മാണം ഞാന്‍ ഏറെ ആസ്വദിച്ചു. ഭാവനകളുടെ വിജയവും, കുടിയേറ്റവും ഒറ്റപ്പെടലുമൊക്കെയാണ് ഞാന്‍ ഈ ചിത്രത്തില്‍ വിഷയമാക്കിയിരിക്കുന്നത്. ഗാര്‍ഹികപീഡനത്തെക്കുറിച്ചാണ് ഈ സിനിമ. അത്തരം പീഡനങ്ങള്‍ക്ക് ഒരു സാമൂഹ്യ - സാമ്പത്തിക പശ്ചാത്തലവുമുണ്ട്. ആര്‍ക്കും എവിടെയും ഇത്തരം പീഡനങ്ങള്‍ നേരിടേണ്ടി വന്നേക്കാം. മറ്റൊരു ദേശത്തേക്ക് കുടിയേറേണ്ടി വരുന്ന ഒരു പെണ്‍കുട്ടി അനുഭവിക്കുന്ന വേദനയും ഒറ്റപ്പെടലും വരച്ചുകാട്ടാനാണ് വിദേശിലൂടെ ഞാന്‍ ശ്രമിച്ചിരിക്കുന്നത്” - ദീപാമേത്ത പറയുന്നു.
ഈ സിനിമയിലെ അഭിനയത്തിന് ചിക്കാഗോ ഫെസ്റ്റിവലില്‍ മികച്ച നടിക്കുള്ള പുരസ്കാരം പ്രീതി സിന്‍റയ്ക്ക് ലഭിച്ചിരുന്നു. ഏപ്രിലില്‍ കാനഡയില്‍ പ്രഖ്യാപിക്കപ്പെടുന്ന ജെനി പുരസ്കാരത്തിനും പ്രീതിക്ക് നാമനിര്‍ദ്ദേശം ലഭിച്ചിട്ടുണ്ട്. ചിത്രം ഇന്ത്യയില്‍ പ്രദര്‍ശനത്തിനെത്തുന്നതോടെ കൂടുതല്‍ പുരസ്കാരങ്ങള്‍ പ്രീതിക്കും ദീപാമേത്തയ്ക്കും ലഭിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
അക്ഷയ് കുമാര്‍ നായകനാകുന്ന എക്സ്ക്ലൂഷന്‍, സല്‍മാന്‍ റുഷ്ദിയുടെ മിഡ്നൈറ്റ്സ് ചില്‍ഡ്രന്‍ എന്ന നോവലിനെ അധികരിച്ചുള്ള സിനിമ എന്നിവയാണ് ദീപാമേത്തയുടെ വരാന്‍ പോകുന്ന പ്രൊജക്ടുകള്‍.