ദശാവതാരത്തിന് ശേഷം കെ എസ് രവികുമാര്‍ സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രമാണ് ജഗ്ഗുഭായി. ശരത്കുമാര്‍ നായകനാകുന്ന ഈ ആക്ഷന്‍ കുടുംബചിത്രത്തില്‍ ശ്രേയാ സരണാണ് നായിക. 18 കോടി രൂപയാണ് ഈ ചിത്രത്തിന്‍റെ ചെലവ്. ശരത്കുമാറിന്‍റെ ഏറ്റവും ചെലവേറിയ ചിത്രമാണിത്.
ചെലവ് വളരെ കൂടുതലാണ് എന്നതുകൊണ്ടു തന്നെ സുരക്ഷിത സമയത്ത് റിലീസ് ചെയ്യാനാണ് നിര്‍മ്മാതാവായ രാധികാ ശരത്കുമാര്‍ തീരുമാനിച്ചത്. ഈ വര്‍ഷം മേയ് ആദ്യം ചിത്രം തിയേറ്ററുകളിലെത്തിക്കാനായിരുന്നു തീരുമാനം. ആ സമയത്ത് മറ്റ് വമ്പന്‍ റിലീസുകളൊന്നും ഇല്ലെന്നതായിരുന്നു അണിയറപ്രവര്‍ത്തകര്‍ കണ്ട മെച്ചം. എന്നാല്‍ ഇപ്പോള്‍ ആകെ ആശയക്കുഴപ്പത്തിലാണ് ജഗ്ഗുഭായിയുടെ നിര്‍മ്മാതാവും സംവിധായകനും.
ലോകത്തിന്‍റെ തന്നെ ആവേശമായ ഐ പി എല്‍ ട്വന്‍റി20 ക്രിക്കറ്റ് മത്സരങ്ങള്‍ ഏപ്രില്‍ 10ന് ആരംഭിക്കുകയാണ്. മേയ് 29 വരെ ഐ പി എല്‍ മത്സരങ്ങള്‍ നീളും. സിനിമയേക്കാള്‍ ക്രിക്കറ്റ് മത്സരങ്ങള്‍ ലഹരിയായ ഇന്ത്യയില്‍ ആ സമയത്ത് റിലീസ് ചെയ്യുന്ന സിനിമകള്‍ക്കൊക്കെ തിരിച്ചടിയുണ്ടാകുമെന്ന് വ്യക്തമാണ്. ചെന്നൈയിലെ പല മള്‍ട്ടിപ്ലക്സ് തിയേറ്ററുകളും ഐ പി എല്‍ മത്സരങ്ങള്‍ തത്സമയം കാണിക്കാനായി ഒരുങ്ങുകയാണ്. ആ സമയത്ത് ജഗ്ഗുഭായ് തിയേറ്ററുകളിലെത്തിച്ചാലുണ്ടാകുന്ന അവസ്ഥ എന്താകുമെന്ന ചിന്തയാണ് നിര്‍മ്മാതാവിനെ പേടിപ്പെടുത്തുന്നത്.
ജഗന്നാഥ് എന്ന ശക്തമായ കഥാപാത്രത്തെയാണ് ശരത്കുമാര്‍ ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. എല്ലാവരും അയാളെ ബഹുമാനപൂര്‍വം ജഗ്ഗുഭായ് എന്നു വിളിക്കുന്നു. കിരണ്‍ റാത്തോഡ്‍, കൌണ്ടമണി തുടങ്ങിയവരും ഈ ചിത്രത്തിലെ പ്രധാന താരങ്ങളാണ്. നവാഗതനായ റാഫിയാണ് സംഗീതം.
സൂപ്പര്‍സ്റ്റാര്‍ രജനീകാന്താണ് ജഗ്ഗുഭായിയില്‍ നായകനാകേണ്ടിയിരുന്നത്. അദ്ദേഹത്തിന് വേണ്ടി നാലു വര്‍ഷങ്ങള്‍ക്ക് മുമ്പ് ഈ ചിത്രം പ്ലാന്‍ ചെയ്തതാണ്. എന്നാല്‍ ചന്ദ്രമുഖിയുടെ തിരക്ക് കാരണം രജനി ജഗ്ഗുഭായ് വേണ്ടെന്നു വയ്ക്കുകയായിരുന്നു. പിന്നീടാണ് തിരക്കഥയില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തി ജഗ്ഗുഭായിയായി ശരത്കുമാറിനെ അവതരിപ്പിക്കുന്നത്.
ശരത്കുമാറിനെ നായകനാക്കി 12 ചിത്രങ്ങള്‍ കെ എസ് രവികുമാര്‍ സംവിധാനം ചെയ്തിട്ടുണ്ട്. ഇതില്‍ എട്ടെണ്ണം ഹിറ്റുകളായിരുന്നു. ചേരന്‍ പാണ്ഡ്യന്‍, ഊര്‍ മര്യാദൈ, ബാന്‍ഡ് മാസ്റ്റര്‍, നാട്ടാമൈ, നട്‌പുക്കാക, പാട്ടാളി, സമുദ്രം തുടങ്ങിയവയാണ് ശരത്കുമാര്‍ - രവികുമാര്‍ ടീമിന്‍റെ പ്രധാന ചിത്രങ്ങള്‍.