ഓണം റിലീസ് ലക്‍ഷ്യമിട്ട് സംവിധായകന്‍ രഞ്ജിത് ഒരുക്കുന്ന തിരക്കഥ എന്ന സിനിമയുടെ ഷൂട്ടിംഗ് ജോലികള്‍ കോഴിക്കോട്ടും പരിസരത്തുമായി പുരോഗമിക്കുകയാണ്. പുതിയൊരു സിനിമയുടെ കഥയ്ക്കും തിരക്കഥയ്ക്കുമായി അലയുന്ന യുവസംവിധായകന്‍റെ കഥയാണ് തിരക്കഥ.
ആദ്യ സിനിമ ബോക്സോഫീസ് ഹിറ്റാക്കി മാറ്റിയ യുവസംവിധായകനായ അക്ബര്‍ അഹമ്മദ് രണ്ടാമത്തെ സിനിമയ്ക്കായുള്ള തിരക്കഥ അന്വേഷിച്ചു നടക്കുന്നതാണ് സിനിമയുടെ ഇതിവൃത്തം.
സിനിമ പശ്ചാത്തലമാക്കി ഉദയനാണ് താരം അടക്കമുള്ള ഒട്ടേറെ സിനിമകള്‍ ഉണ്ടായിട്ടുണ്ടെങ്കിലും ഇത് വളരെ വ്യത്യസ്തവും പുതുമയുള്ളതുമാണെന്ന് അക്ബര്‍ അഹമ്മദിനെ അവതരിപ്പിക്കുന്ന യുവ നടന്‍ പൃഥ്വീരാജ് പറയുന്നു.
നന്ദനം എന്ന സിനിമയിലൂടെ പൃഥ്വീരാജിന് നല്ലൊരു അവസരം തുറന്നു നല്‍കിയ സംവിധായകനാണ് രഞ്ജിത്. ഈ സിനിമയെ കുറിച്ചും എനിക്ക് അമിതമായ പ്രതീക്ഷകളുണ്ടെന്ന് പൃഥ്വി പറയുന്നു.
ഈ തിരക്കഥാ അന്വേഷണത്തിനിടയിലും ഇഴചേരുന്ന ഹൃദ്യവും ലോലവുമായ ഒരു പ്രണയ കഥയും തിരക്കഥയിലുണ്ട്. സംവൃതാ സുനിലാണ് സിനിമയില്‍ പൃഥ്വീരാജിന്‍റെ കാമുകി. എന്നാല്‍ നായിക ദേശീയ അവാര്‍ഡ് നേടി ശ്രദ്ധേയയായ പ്രിയാമണിയാണ്.
ഖുശ്ബു, കൊച്ചിന്‍ ഹനീഫ, മണിയന്‍ പിള്ള രാജു, നിശാന്ത് സാഗര്‍, ഗുരുവായൂര്‍ ശിവജി, സുരഭി, അഗസ്റ്റിന്‍ തുടങ്ങിയവര്‍ ഇതില്‍ വേഷമിടുന്നു. കൂട്ടുകാരുമൊത്ത് ചെറിയൊരു കഫറ്റേരിയ നടത്തുന്ന അക്ബര്‍ അഹമ്മദ് യാദൃശ്ചികമായാണ് സിനിമാ രംഗത്തെത്തുന്നത്. സിനിമാ അദ്ദേഹത്തിനൊരു ആവേശമാണ്. എന്നാല്‍ ജോലിയല്ല.
ക്യാപിറ്റോള്‍ തിയേറ്ററിന്‍റെയും വര്‍ണ്ണചിത്രയുടെയും ബാനറില്‍ പുറത്തിറങ്ങുന്ന ചിത്രം നിര്‍മ്മിക്കുന്നത് രഞ്ജിതും മഹാസുബൈറുമാണ്. എം.ജെ.രാധാകൃഷ്ണനാണ് ഛായാഗ്രഹണം. റഫീക് അഹമ്മദിന്‍റെ ഗാനങ്ങള്‍ക്ക് ശരത് ഈണം പകരുന്നു.
|