തനിക്കെതിരെയുള്ള പാരവയ്പ്പുകള്‍ ഒരുതരത്തിലും തന്നെ ബാധിക്കാറില്ലെന്ന് ജനപ്രിയതാരം ദിലീപ്. ഒരു പ്രമുഖ സിനിമാവാരികയ്ക്ക് അനുവദിച്ച അഭിമുഖത്തിലാണ് ദിലീപ് ഇക്കാര്യം പറയുന്നത്. ആരെങ്കിലും പാരവയ്ക്കാന്‍ ശ്രമിക്കുമ്പോള്‍ തന്നെ താന്‍ അതറിയുമെന്ന് ദിലീപ് പറയുന്നു.
“ആരെങ്കിലും പാരയെടുക്കുമ്പോള്‍ തന്നെ ഞാന്‍ അത് അറിയും. പാരവയ്ക്കാന്‍ തുടങ്ങുന്നവനെ ഞാന്‍ വിളിച്ച് മോനേ, അത് അവിടെത്തന്നെ ഇട്ടോ എന്ന് പറയാറുമുണ്ട്. വലിയ ഒരു സൌഹൃദവലയവും നെറ്റുവര്‍ക്കും എനിക്കുണ്ട്. പാര പണിയുന്നത് ഞാന്‍ എങ്ങനെ അറിഞ്ഞു എന്നാണ് അവന്‍ ചിന്തിക്കുക. അതുകൊണ്ടുതന്നെ പാരകള്‍ എന്നെ ഏല്‍ക്കാറില്ല. ഉണ്ടായാല്‍ തന്നെ അത് കണ്ട് രസിക്കാറാണ് ഇപ്പോഴത്തെ പതിവ്” - ദിലീപ് വ്യക്തമാക്കുന്നു.
“സിനിമ പൊളിക്കാന്‍ ചിലര്‍ ക്വട്ടേഷന്‍ കൊടുക്കുന്നു എന്നൊക്കെ പറഞ്ഞു കേട്ടിട്ടുണ്ട്. ആരു തെമ്മാടിത്തരം ചെയ്താലും കറങ്ങിത്തിരിഞ്ഞ് എത്തുന്നത് എന്‍റെ പേരിലാണ്. ഞാനാണല്ലോ പുറംപോക്കില്‍ നില്‍ക്കുന്നവന്‍. ദിലീപിന്‍റെ ആള്‍ക്കാരാണ് അത് ചെയ്തത് എന്നാണ് അവസാനം കേള്‍ക്കുന്നത്” - ദിലീപ് പരിഭവിക്കുന്നു.
“ഫാന്‍സിനു വേണ്ടി താരങ്ങള്‍ ലക്ഷങ്ങള്‍ മുടക്കുന്നു എന്ന് കേട്ടിട്ടുണ്ട്. ഞാന്‍ അങ്ങനെ ചെയ്യാറില്ല. ഫാന്‍സുകാരെ നിഷേധിക്കേണ്ട കാര്യമില്ല. പക്ഷേ, മറ്റുള്ളവരുടെ സിനിമയെ കൂവി നശിപ്പിക്കരുത്. ഒരു കാര്യം ഓര്‍ക്കണം. പ്രേക്ഷകര്‍ ഈ കൂവലും ബഹളവും ഒക്കെ കണ്ടാല്‍ ഇനി പ്രതികരിക്കും. ഇത്തരം ബഹളങ്ങള്‍ അവസാനിപ്പിച്ചേ പറ്റൂ” - ദിലീപ് ആവശ്യപ്പെടുന്നു.