“സഹോദരന്‍റെ സ്വത്ത് മോഹന്‍ലാല്‍ തട്ടിയെടുത്തു”

WEBDUNIA|
PRO
മോഹന്‍ലാലിനെതിരെ രൂക്ഷ വിമര്‍ശനവുമായി സുകുമാര്‍ അഴീക്കോട് രംഗത്ത്. അന്തരിച്ച സ്വന്തം സഹോദരന്‍റെ സ്വത്ത് മോഹന്‍ലാല്‍ തട്ടിയെടുത്തതായി അഴീക്കോട് ആരോപിച്ചു. കോഴിക്കോട് പ്രസ് ക്ലബ്ബില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് മോഹന്‍ലാലിനെതിരെ കടുത്ത ഭാഷയില്‍ സുകുമാര്‍ അഴീക്കോട് ആരോപണമുന്നയിച്ചത്.

അന്തരിച്ച സ്വന്തം സഹോദരന്‍ പ്യാരിലാലിന്‍റെ സ്വത്ത് തട്ടിയെടുക്കാന്‍ മോഹന്‍ലാല്‍ പഞ്ചായത്ത്/താലൂക്ക് തലത്തില്‍ ശ്രമം നടത്തിയെന്ന് എനിക്ക് അറിവ് ലഭിച്ചിട്ടുണ്ട്. പ്യാരിലാലിന്‍റെ ഭാര്യയ്ക്കും കുട്ടികള്‍ക്കും അവകാശപ്പെട്ട സ്വത്തു തട്ടിയെടുക്കാനാണ് ലാല്‍ ശ്രമിച്ചത്. ഞാന്‍ ഈ പറയുന്നത് തെറ്റാണെന്ന് തെളിയിച്ചാല്‍ മാപ്പു പറയാന്‍ തയ്യാറാണ് - അഴീക്കോട് പറഞ്ഞു.

മോഹന്‍ലാലിന്‍റെ വിഗ് അഴിച്ചുമാറ്റിയാല്‍ പിന്നെ കാണാന്‍ കഴിയുക വെറും അസ്ഥിപഞ്ജരമാണ്. പക്ഷേ എന്‍റെ തലമുടി, അത് കുറച്ചേ ഉള്ളെങ്കിലും എന്‍റേതു തന്നെയാണ്. ആ അര്‍ത്ഥത്തില്‍ മോഹന്‍ലാലിനെക്കാള്‍ സുന്ദരന്‍ ഞാനാണ്. അമ്പതു വയസുകാരന്‍ ചെയ്യേണ്ട വേഷമാണോ മോഹന്‍ലാല്‍ ഇപ്പോള്‍ ചെയ്യുന്നത്? വൃദ്ധന്‍ വൃദ്ധന്‍റെ റോള്‍ ചെയ്യാന്‍ തയ്യാറാകണം. മഹാനടനായ അശോക് കുമാറൊക്കെ അങ്ങനെയാണ് ചെയ്തത്. അല്ലാതെ വൃദ്ധന്‍ യുവാവാകാനല്ല ശ്രമിക്കേണ്ടത്. ഇന്നല്ലെങ്കില്‍ നാളെ മോഹന്‍ലാല്‍ വൃദ്ധനായി നടക്കുന്നത് നമ്മള്‍ കാണേണ്ടി വരും - അഴീക്കോട് പറഞ്ഞു.

എന്നെ മോഹന്‍ലാല്‍ വിളിച്ചപ്പോള്‍ ‘കലാകാരന്‍റെ ശബ്ദം വാണിജ്യാവശ്യത്തിന് ഉപയോഗിക്കരുത്’ എന്നാണ് ഞാന്‍ പറഞ്ഞത്. കുറച്ചുനാള്‍ മുമ്പുള്ള ഒരു പരസ്യത്തില്‍ ഹേമമാലിനിയുടെ മാറിടത്തില്‍ നോക്കി ‘കലക്കീട്ടുണ്ട് കേട്ടോ’ എന്നു പറയുന്ന മോഹന്‍ലാലിനെ നമ്മള്‍ കണ്ടു. കേരളത്തില്‍ ഒരു പെണ്‍കുട്ടിയോടാണ് ലാല്‍ ഇത് പറഞ്ഞിരുന്നതെങ്കില്‍, പെണ്‍കുട്ടിക്ക് ഒരു സഹോദരനുണ്ടയിരുന്നെങ്കില്‍, അയാള്‍ ലാലിനെ അടിക്കുമായിരുന്നു - അഴീക്കോട് പരിഹസിച്ചു.

ഞാന്‍ എഴുതിയ ‘തത്വമസി’യെക്കുറിച്ചൊക്കെയാണ് മോഹന്‍ലാല്‍ മാധ്യമങ്ങളോട് കമന്‍റ്‌ പറയുന്നത്. ആ പുസ്തകത്തെക്കുറിച്ച് ഒന്നും അറിയാതെ വെറുതെ സംസാരിക്കുകയാണ്. കുങ്കുമത്തിന്‍റെ വിലയറിയാതെ കുങ്കുമം ചുമക്കുന്ന കഴുതയെപ്പോലെയാണ് മോഹന്‍ലാല്‍ തത്വമസിയെക്കുറിച്ച് പറയുന്നതെന്നും സുകുമാര്‍ അഴീക്കോട് പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :