തന്റെ മകള്‍ കനകയ്ക്ക് ഇതുവരെ വിവാഹം നടന്നിട്ടില്ലെന്നും മാനസികനില തെറ്റിയതിനാലാണ് വിവാഹം കഴിഞ്ഞുവെന്നും ഭര്‍ത്താവിനെ കാണാനില്ലെന്നും കനക പറയുന്നതെന്നും കനകയുടെ പിതാവ്. കാര്യങ്ങളുടെ നിജസ്ഥിതി മാധ്യമങ്ങളെ അറിയിക്കാന്‍ വിളിച്ചുകൂട്ടിയ പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു കനകയുടെ പിതാവ് ദേവദാസ്.
“കനകയ്ക്ക് പതിമൂന്ന് വയസുള്ളപ്പോഴാണ് ഞാന്‍ കനകയുടെ അമ്മ ദേവികയുമായി വേര്‍പിരിയുന്നത്. ജീവിതത്തില്‍ ഒന്നിച്ചുപോകാന്‍ കഴിയുന്ന ഒരു സ്ത്രീയായിരുന്നില്ല ദേവിക. തുടര്‍ന്ന് കനകയെയും ദേവികയെയും ഞാന്‍ കാണുകയുണ്ടായില്ല. പിന്നീട് പതിനെട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം, 2008-ലാണ് ഞാന്‍ കനകയെ കാണുന്നത്.”
“പ്രായം കടന്നുപോയെന്നും വിവാഹം കഴിക്കാന്‍ ഇനി താമസിക്കരുതെന്നും ഞാനവളെ ഉപദേശിച്ചു. എന്നാല്‍ തനിക്ക് 2007-ല്‍ തന്നെ വിവാഹം കഴിഞ്ഞുവെന്നാണ് കനക പറയുന്നത്. ആരാണ് ഭര്‍ത്താവ്? അയാളുടെ ഫോട്ടോയെവിടെ? കല്യാണ ആല്‍ബം എവിടെ? ഭര്‍ത്താവ് കാണാതെയായി മൂന്നുവര്‍ഷക്കാലം അക്കാര്യം മൂടിവച്ചതെന്തിന്? ഈ ചോദ്യങ്ങള്‍ക്കൊന്നും കനകയ്ക്ക് ഉത്തരമില്ല.”
“കനകയ്ക്കിപ്പോള്‍ മുപ്പത്തിമൂന്ന് വയസുണ്ട്. വിവാഹപ്രായമൊന്നും കഴിഞ്ഞിട്ടില്ല. എന്നോടൊപ്പം വന്നുതാമസിക്കാന്‍ ഞാന്‍ കനകയോട് പലപ്രാവശ്യം ആവശ്യപ്പെട്ടതാണ്. എന്നാല്‍ അമ്മ ദേവികയുടെ സ്വത്ത് അപഹരിക്കാനായിട്ടാണ് ഞാന്‍ അവളെ വീട്ടിലേക്ക് വിളിക്കുന്നതെന്നാണ് അവളുടെ വിചാരം. അമ്മയുടെ മരണത്തിന് ഞാനാണ് കാരണമെന്നും കനക കരുതുന്നു.”
“കനക വിവാഹം ചെയ്തു എന്ന് അറിഞ്ഞപ്പോള്‍ എനിക്ക് ഞെട്ടലുണ്ടായി. ഞാന്‍ പല വഴിക്കും ഇതിനെ പറ്റി അന്വേഷിച്ചു. ഒരു രജിസ്റ്റര്‍ ഓഫീസിലും കനകയുടെ വിവാഹം രജിസ്റ്റര്‍ ചെയ്തിട്ടില്ല. മാനസികനില തെറ്റിയതിനാല്‍ ഒരു സാങ്കല്‍പ്പിക ലോകത്തിലാണിപ്പോള്‍ കനക.”
“മാനസികനില തെറ്റുന്ന രീതിയില്‍ എന്താണ് കനകയുടെ ജീവിതത്തില്‍ നടന്നത് എന്നറിയില്ല. അവളുടെ ഭാവി ആലോചിക്കുമ്പോള്‍ എനിക്ക് ഭയം തോന്നുന്നു. എങ്ങനെയെങ്കിലും കനകയെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാനുള്ള ബദ്ധപ്പാടിലാണ് ഞാന്‍” - ദേവദാസ് പറയുന്നു.
കനകയുടെ പെരുമാറ്റം സാധാരണപോലെയല്ലെന്ന് കണ്ടവരെല്ലാം അഭിപ്രായപ്പെടുന്നു. പഴയഭംഗിയെല്ലാം പോയി, കവിളൊട്ടിയ നിലയിലാണ് കനക ഇപ്പോള്‍. കണ്‍തടങ്ങള്‍ വീര്‍ത്തിട്ടുമുണ്ട്. കണ്‍തടങ്ങളിലും ചുണ്ടുകളിലും കരുവാളിച്ചയുമുണ്ട്. മുടി ക്രോപ്പ് ചെയ്തിരിക്കുകയാണ്. വസ്ത്രം ധരിക്കുന്നത് അലസമായിട്ടും. പഴയ പ്രസരിപ്പുള്ള കനകയില്‍ നിന്ന് ഇപ്പോഴത്തെ കനകയിലേക്കുള്ള മാറ്റത്തിന്റെ രഹസ്യമറിയാന്‍ കോടമ്പാക്കം കാതോര്‍ക്കുകയാണ്.