പ്രശസ്ത ചലച്ചിത്രനടി സിന്ധുമേനോന്‍ ഷൂട്ടിംഗ് സെറ്റില്‍ ബോധം കെട്ടു വീണു. ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച സിന്ധുവിന്‍റെ ആരോഗ്യനില മെച്ചപ്പെട്ടെന്ന് ഡോക്ടര്‍മാര്‍. എങ്കിലും കുറച്ചുനാള്‍ സിന്ധുവിന് വിശ്രമം നിര്‍ദ്ദേശിച്ചിട്ടുണ്ട്.
ഹൈദരാബാദില്‍ വച്ചാണ് സിന്ധുമേനോന് ബോധക്ഷയമുണ്ടായത്. ‘സുഭദ്ര’ എന്ന തെലുങ്ക് ചിത്രത്തില്‍ അഭിനയിച്ചുകൊണ്ടിരിക്കേയാണ് നടി ബോധം കെട്ടു വീണത്. “എന്താണ് എനിക്ക് സംഭവിച്ചതെന്നറിയില്ല. എന്തായാലും ഇപ്പോള്‍ എനിക്ക് കുഴപ്പമൊന്നുമില്ല” - സിന്ധുമേനോന്‍ അറിയിച്ചു.
‘ഈറം’ എന്ന തമിഴ് ചിത്രത്തിന്‍റെ ഗംഭീരവിജയം സിന്ധുമേനോന്‍റെ കരിയറില്‍ വഴിത്തിരിവ് സൃഷ്ടിച്ചിരിക്കുകയാണ്. കൈനിറയെ അവസരങ്ങളാണ് തമിഴില്‍ നിന്നും തെലുങ്കില്‍ നിന്നും സിന്ധുവിന് ലഭിക്കുന്നത്. ‘സുഭദ്ര’ കൂടാതെ ‘പ്രേമ പിലുസ്തന്ദി’ എന്ന തെലുങ്ക് ചിത്രത്തിലും സിന്ധു ഇപ്പോള്‍ അഭിനയിക്കുന്നുണ്ട്.
“ലഭിക്കുന്ന തിരക്കഥകളില്‍ കൂടുതലും എനിക്കിഷ്ടമാകുന്നില്ല. ജനങ്ങള്‍ക്കറിയാം സിന്ധുമേനോന്‍ എന്ന നടിയുടെ കഴിവ്. അത് വെളിവാകുന്ന തിരക്കഥകള്‍ തെരഞ്ഞെടുക്കാനാണ് ഞാന്‍ ശ്രമിക്കുന്നത്” - സിന്ധുമേനോന്‍ വ്യക്തമാക്കി.