‘ദില്‍വാലേ ദുല്‍ഹാനിയ ലേ ജായേംഗേ’ എന്ന ബോളിവുഡ് സിനിമയും അതുണ്ടാക്കിയ തരംഗവും ഇന്ത്യന്‍ സിനിമാലോകത്തിന് മറക്കാനാവില്ല. ഷാരുഖ് ഖാനും കാജലും അഭിനയിച്ച ആ ചിത്രം മുംബൈയില്‍ 700 വാരമാണ് പ്രദര്‍ശിപ്പിച്ചത്. ഇന്ത്യയില്‍ നിര്‍മ്മിക്കപ്പെട്ടിട്ടുള്ളതില്‍ ഏറ്റവും ഹിറ്റായ പ്രണയചിത്രമായിരുന്നു ദില്‍വാലേ. ഈ ചിത്രം കന്നഡയിലേക്ക് റീമേക്ക് ചെയ്യുകയാണ്. ‘മധുവേ മാനേ’ എന്നാണ് സിനിമയുടെ പേര്.
കന്നഡയിലെ ഗോള്‍ഡന്‍ സ്റ്റാര്‍ ഗണേഷാണ് ചിത്രത്തിലെ നായകന്‍. ഒറിജിനല്‍ ദില്‍വാലേയിലെ നായികയായ കാജലിന്‍റെ സഹോദരി തനീഷയായിരിക്കും കന്നഡ റീമേക്കില്‍ നായിക. ജെനിലിയ ഡിസൂസയെയാണ് നിര്‍മ്മാതാക്കള്‍ ആദ്യം സമീപിച്ചതെങ്കിലും ജെനിക്ക് ഡേറ്റ് ഇല്ലാതിരുന്നത് കാരണമാണ് തനീഷയ്ക്ക് നറുക്ക് വീണത്. എച്ച് എ റഹ്മാന്‍ നിര്‍മ്മിക്കുന്ന ഈ സിനിമയുടെ ചിത്രീകരണം ജനുവരിയില്‍ ആരംഭിക്കും.
PRO
മധുവേ മാനേയുടെ തിരക്കഥ അണിയറയില്‍ പൂര്‍ത്തിയായി വരുന്നു. ഡിഡിഎല്‍ജെ പോലെ ഏറെ ദൈര്‍ഘ്യമുള്ള ഒരു സിനിമയായിരിക്കില്ല മധുവേ മാനേ എന്ന് നിര്‍മ്മാതാവ് റഹ്മാന്‍ പറയുന്നു.
“ദില്‍വാലേയുടെ തനിപ്പകര്‍പ്പായിരിക്കില്ല മധുവേ മാനേ. നാലുദിവസം നീണ്ടുനില്‍ക്കുന്ന പഞ്ചാബിക്കല്യാണത്തിന്‍റെ പശ്ചാത്തലമാണ് ഡിഡിഎല്‍ജെയ്ക്ക് ഉള്ളത്. എന്നാല്‍ കന്നഡ പാരമ്പര്യത്തില്‍ ഉള്ള കല്യാണത്തിന്‍റെ പശ്ചാത്തലമാണ് റീമേക്കിനുണ്ടാവുക. ഒരു മികച്ച ഫാമിലി എന്‍റര്‍ടെയ്നറായിരിക്കും ഈ സിനിമ. ഗണേഷാണ് നായകന്‍ എന്നതുകൊണ്ടു തന്നെ പ്രേക്ഷകര്‍ക്ക് ഒരു ഗ്യാരണ്ടി നല്‍കാന്‍ കഴിയും.”