ഒരു ബ്രഹ്മാണ്ഡ സിനിമയുടെ ഒരുക്കങ്ങള്‍ തമിഴകത്ത് നടക്കുന്നു. നായകന്‍ ഇളയ ദളപതി വിജയ്. സംവിധായകന്‍ ലിംഗുസാമി. ആക്ഷന്‍ സിനിമകളുടെ അവസാനവാക്ക് എന്ന രീതിയില്‍ ഒരു സിനിമയ്ക്ക് രൂപം നല്‍കാനാണ് ലിംഗുസാമിക്ക് വിജയ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
“വിജയ് നായകനാകുന്ന ഒരു സിനിമയ്ക്കു വേണ്ടി ഞാന്‍ കഥ രചിച്ചുകൊണ്ടിരിക്കുകയാണ്. ആക്ഷന്‍ സിനിമ വിഭാഗത്തില്‍ പുതിയ ഉയരങ്ങള്‍ കീഴടക്കുന്ന ഒരു ചിത്രമാണ് ഞങ്ങളുടെ ലക്‍ഷ്യം. ഏറ്റവും പുതിയ സാങ്കേതിക സംവിധാനങ്ങള്‍ ഉപയോഗിച്ചുള്ള ഒരു ഹൈടെക് സിനിമയാണ് പ്ലാന്‍ ചെയ്യുന്നത്” - ലിംഗുസാമി അറിയിച്ചു.
വിജയ്‌യുടെ അമ്പത്തൊന്നാം സിനിമയായിരിക്കും ലിംഗുസാമി സംവിധാനം ചെയ്യുന്നത്. ഇപ്പോള്‍ കാര്‍ത്തി നായകനാകുന്ന ‘പയ്യ’യുടെ അവസാന വട്ട മിനുക്കുപണികളിലാണ് ലിംഗുസാമി. ആനന്ദം, റണ്‍, ചണ്ടക്കോഴി തുടങ്ങിയ സൂപ്പര്‍ഹിറ്റുകള്‍ തമിഴകത്തിന് സമ്മാനിച്ചിട്ടുള്ള ലിംഗുസാമിയും ഇളയദളപതിയും ഒന്നിക്കുമ്പോള്‍ ഒരു മെഗാഹിറ്റില്‍ കുറഞ്ഞൊന്നും കോളിവുഡ് പ്രതീക്ഷിക്കുന്നില്ല.
ചിരഞ്ജീവിയുടെ മകന്‍ രാം ചരണ്‍ തേജയെ നായകനാക്കി ഒരു തെലുങ്ക് ചിത്രവും ലിംഗുസാമിയുടെ മനസിലുണ്ട്.