നാല്‍വര്‍ സംഘം സൃഷ്ടിക്കുന്ന പൊട്ടിച്ചിരികള്‍ അവസാനിക്കുന്നില്ല. ചരിത്രവിജയമായ ഇന്‍ ഹരിഹര്‍ നഗറിനും, ടു ഹരിഹര്‍ നഗറിനും ശേഷം ഉന്നം മറക്കാത്ത ചിരിയുമായി മഹാദേവനും ഗോവിന്ദന്‍ കുട്ടിയും അപ്പുക്കുട്ടനും തോമസുകുട്ടിയും വീണ്ടും വരികയാണ്. ഹരിഹര്‍ നഗറിന്‍റെ മൂന്നാം ഭാഗം ‘ഇന്‍ ഗോസ്റ്റ്‌ഹൌസ് ഇന്‍’ കൊച്ചിയില്‍ തുടങ്ങി.
ലാല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മുകേഷ്, ജഗദീഷ്, സിദ്ദിഖ്, അശോകന്‍ എന്നിവര്‍ തന്നെയാണ് നായകന്‍മാര്‍. നായികയെ തീരുമാനിച്ചിട്ടില്ല. എങ്കിലും ലെന, റീന ബഷീര്‍, മോഹിനി, രാധിക എന്നിവര്‍ ഉപനായികമാരായുണ്ടാകും. എറണാകുളം വൈറ്റിലയിലുള്ള ഹോട്ടല്‍ സരോവരത്തിലാണ് ഗോസ്റ്റ് ഹൌസിന്‍റെ പൂജ നടന്നത്. പി എന്‍ വി അസോസിയേറ്റ്സ് ആന്‍റ് ലാല്‍ ക്രിയേഷന്‍സിന്‍റെ ബാനറില്‍ പി എന്‍ വേണുഗോപാലും ലാലും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ സിനിമയുടെ ചിത്രീകരണം ഈ മാസം 28ന് ഊട്ടിയിലാണ് ആരംഭിക്കുന്നത്.
ഹരിഹര്‍ നഗറിന്‍റെ മുന്‍ ഭാഗങ്ങളുടെ ഛായാഗ്രാഹകന്‍ വേണു തന്നെയാണ് ഗോസ്റ്റ് ഹൌസിനും ക്യാമറ ചലിപ്പിക്കുന്നത്. “ജഗദീഷ്, മുകേഷ്, അശോകന്‍, സിദ്ദിഖ് എന്നിവരേക്കാള്‍ മഹാദേവന്‍, ഗോവിന്ദന്‍ കുട്ടി, അപ്പുക്കുട്ടന്‍, തോമസുകുട്ടി എന്നിവരോടാണ് എനിക്കിപ്പോള്‍ സൌഹൃദം. ഈ കഥാപാത്രങ്ങള്‍ എന്താണ് പറയേണ്ടതെന്നും എന്താണ് ചിന്തിക്കേണ്ടതെന്നും എനിക്കറിയാം. അതുകൊണ്ടു തന്നെ ഇതിന്‍റെ തിരക്കഥാ രചന ഏറെ ബുദ്ധിമുട്ടുള്ളതായി തോന്നിയില്ല. എന്നാല്‍, ഗോസ്റ്റ് ഹൌസിനെക്കുറിച്ചുള്ള പ്രേക്ഷക പ്രതീക്ഷകള്‍ ഏറെയാണ്. അതുകൊണ്ട് ഏറെ ശ്രദ്ധിച്ചാണ് ഓരോ ചുവടും മുന്നോട്ടു നീങ്ങുന്നത്” - സംവിധായകന്‍ ലാല്‍ പറഞ്ഞു.
PRO
ഗോസ്റ്റ് ഹൌസിന്‍റെ പൂജയ്ക്കെത്തിയ ജഗദീഷും സിദ്ദിഖും അശോകനും അങ്ങേയറ്റം ആവേശത്തിലായിരുന്നു. ചില ഒഴിവാക്കാനാകാത്ത തിരക്കുകള്‍ കാരണം മുകേഷ് പൂജയ്ക്കെത്തിയില്ല.
നാല്‍വര്‍ സംഘത്തിന്‍റെ താമസം ഇത്തവണ ഹരിഹര്‍ നഗറിലല്ല എന്ന വ്യത്യാസമാണ് ഇന്‍ ഗോസ്റ്റ് ഹൌസ് ഇന്നിന് പ്രധാനമായുള്ളത്. അതുപോലെ അവരെ വേട്ടയാടാന്‍ ജോണ്‍ ഹോനായിയോ അയാളുടോ മകനോ ഇല്ല. പകരം സുന്ദരിയായ ഒരു പ്രേതമാണ് നാലു പേരുടെയും ഉറക്കം കെടുത്തുന്നത്. ഹൊറര്‍ പശ്ചാത്തലത്തിലാണ് ഇന്‍ ഹരിഹര്‍ നഗറിന്‍റെ മൂന്നാം ഭാഗം ലാല്‍ ഒരുക്കുന്നത്. ഊട്ടിയിലെ ഒരു പ്രേതബാധയുള്ള വീട്ടില്‍ നാല്‍വര്‍ സംഘം കുടുംബസമേതം താമസിക്കാനെത്തുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമാണ് മൂന്നാം ഭാഗത്തിന്‍റെ പ്രമേയം. 2010 മാര്‍ച്ച് 20ന് ഇന്‍ ഗോസ്റ്റ് ഹൌസ് ഇന്‍ പ്രദര്‍ശനത്തിനെത്തും.