പഴശ്ശിരാജയില്‍ അഭിനയിക്കാന്‍ കഴിഞ്ഞത് നടനെന്ന നിലയില്‍ തന്‍റെ ഏറ്റവും വലിയ സൌഭാഗ്യമാണെന്ന് മമ്മൂട്ടി. ഒരു നടനെ സംബന്ധിച്ച് ഇതിലും വലിയ ഭാഗ്യം വന്നുചേരാനില്ല. ഈ ചിത്രത്തില്‍ അഭിനയിക്കുകയെന്നത് ഒരു വെല്ലുവിളിയായിരുന്നു. ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് മമ്മൂട്ടി പഴശ്ശിരാജയെ കുറിച്ച് വാചാലനായത്. സിനിമയുടെ മേന്‍മയ്ക്കുള്ള എല്ലാ ക്രെഡിറ്റും തിരക്കഥ തയ്യാറാക്കിയ എം ടി വാസുദേവന്‍ നായര്‍ക്കും സംവിധായകന്‍ ഹരിഹരനും ചാര്‍ത്തിക്കൊടുക്കുകയായിരുന്നു മമ്മൂട്ടി. എം ടിയും സംവിധായകന്‍ ഹരിഹരനും ചേര്‍ന്ന് സഹായിച്ചതുകൊണ്ടാണ് സിനിമ ഇത്രയും മികച്ചതാക്കാനായത്. “വളരെ മികച്ച സംഭാഷണങ്ങളും കാര്യങ്ങള്‍ വിശദമായി ആവിഷ്കരിക്കാന്‍ കഴിവുള്ള സംവിധായകനും ചേര്‍ന്നാണ് പഴശ്ശിരാജ തയ്യാറാക്കിയിട്ടുള്ളത്. ഇതിനെല്ലാം പുറമെ എത്ര കാശ് മുടക്കാനും തയ്യാറുള്ള ഒരു നിര്‍മ്മാതാവും”- മമ്മൂട്ടി പറയുന്നു.
മമ്മൂട്ടിയുടെ വാക്കുകളിലൂടെ - വടക്കന്‍ വീരഗാഥയിലെ ചന്തുവും പഴശ്ശിരാജയിലെ ചന്തുവും തമ്മില്‍ ഇരുപത് വര്‍ഷത്തെ അന്തരമുണ്ട്. മമ്മൂട്ടി എന്ന നടന്‍റെ ഇരുപത് വര്‍ഷത്തെ അദ്ധ്വാനവും വളര്‍ച്ചയുമാണ് പഴശ്ശിയില്‍ കാണാന്‍ കഴിയുക. ചന്തുവിലെ മമ്മൂട്ടിയില്‍ നിന്ന് ഏറെ വിഭിന്നനാണ് പശശ്ശിരാജയിലെ മമ്മൂട്ടി.
ദേശീയ നിലവാരമുള്ള സിനിമയായി ഇതിനെ കുറച്ചുകാണാനാകില്ല. തീര്‍ച്ചയായും അന്താരാഷ്ട്ര നിലവാരമുള്ള സിനിമ തന്നെയാണിത്. മലയാള ഭാഷയുണ്ടെന്നും മലയാള സിനിമയുണ്ടെന്നും ലോകത്തെ ബോധ്യപ്പെടുത്തുകയാണ് പഴശ്ശിരാജ ചെയ്യുന്നത്. മലയാളം മാത്രമല്ല ഇംഗ്ലീഷും ഈ സിനിമയില്‍ ഉപയോഗിച്ചിട്ടുണ്ട്. പഴശ്ശിരാജയ്ക്കു വേണ്ടി പ്രേക്ഷകന്‍ നല്ല രീതിയില്‍ പ്രതികരിക്കണമെന്ന് ആഗ്രഹിച്ചിരുന്നു, പ്രാര്‍ത്ഥിച്ചിരുന്നു.
PRO
നമ്മുടെ സ്വാതന്ത്ര്യ സമരത്തെ കുറിച്ച് പുതിയതലമുറയ്ക്ക് അറിയാത്ത കാര്യങ്ങള്‍ അവരെ മനസിലാക്കിക്കാന്‍ കഴിഞ്ഞു. പഴശ്ശി ഒരു രാജാവ് മാത്രമായിരുന്നുല്ല, നല്ലൊരു സംഘാടകനും കുടിയായിരുന്നു. ബ്രിട്ടീഷുകാര്‍ക്കെതിരെ ആയിരക്കണക്കിന് ആദിവാസികളേയും മറ്റുള്ളവരേയും അണിനിരത്തിയ മഹാനാണ് അദ്ദേഹം. സാമ്രാജ്യത്വത്തിനെതിരെ അധീശത്വത്തിനെതിരെ പോരാടിയതാണ് പഴശ്ശിയുടെ പ്രത്യേകത. രാജ്യത്തെ ആദ്യത്തെ വിപ്ലവകാരിയാണ് പഴശ്ശി - മമ്മൂട്ടി പറഞ്ഞുനിര്‍ത്തി.