ദക്ഷിണേന്ത്യയില്‍ നിന്നുള്ള സംവിധായകനായതിനാല്‍ ബോളിവുഡിന് തന്നോട് കടുത്ത അസൂയയാണെന്ന് പ്രശസ്ത മലയാളി സംവിധായകന്‍ പ്രിയദര്‍ശന്‍. ഈ അസൂയ കാരണമാണ് തന്നെ കോമഡി പടം എടുക്കുന്ന സംവിധായകനായും റീമേക്കിംഗ് വിരുതനായും ചിലര്‍ ചിത്രീകരിക്കുന്നതെന്നും പ്രിയന്‍ ആരോപിക്കുന്നു. കാഞ്ചീവരമെന്ന സിനിമയ്ക്ക് മികച്ച സിനിമയ്ക്കുള്ള ദേശീയ അവാര്‍ഡ് ലഭിച്ചതിനെ പറ്റി സംസാരിക്കുമ്പോഴാണ് പ്രിയന്‍ ഇക്കാര്യം പറഞ്ഞത്.
പ്രിയന്‍ പറഞ്ഞതിലെ പ്രസക്തഭാഗങ്ങള്‍ -
“ബോളിവുഡിലെ പലര്‍ക്കും എന്നോട് കടുത്ത അസൂയയാണ്. ഭാഗ്യവശാല്‍ ഹിന്ദിയില്‍ ഞാനൊരു ഹിറ്റ്‌മേക്കറാണ്. ഇന്ത്യന്‍ സിനിമയുടെ ഇന്നുവരെയുള്ള ചരിത്രം പരിശോധിച്ച് നോക്കുക. ഹിന്ദി ബെല്‍റ്റില്‍ വിജയം കൈവരിച്ച ഏക ദക്ഷിണേന്ത്യന്‍ സംവിധായകനാണ് ഞാന്‍.”
“കഴിഞ്ഞ പന്ത്രണ്ട് വര്‍ഷങ്ങളായി ഞാന്‍ ബോളിവുഡില്‍ സിനിമ സംവിധാനം ചെയ്തുവരുന്നു. ഇതുവരെ ഇരുപത്തിയഞ്ചോളം സിനിമകള്‍ ഞാന്‍ ഹിന്ദിയില്‍ ഒരുക്കിയിട്ടുണ്ട്. ഒരു ഹിന്ദി സംവിധായകന് ലഭിക്കാവുന്നതിലും കൂടുതല്‍ ഞാന്‍ നേടിയെടുത്തിട്ടുണ്ട്. ഇതുകൊണ്ട് തന്നെയാണ് പലര്‍ക്കും എന്നോട് അസൂയ.”
“എന്റെ പ്രതിച്ഛായ തകര്‍ക്കാനായി അവര്‍ ഒരുങ്ങിപ്പുറപ്പെട്ടിരിക്കുകയാണ്. എനിക്കെതിരെ എന്തൊക്കെയാണ് അവര്‍ പറഞ്ഞ് പരത്തുന്നത്? ഞാന്‍ വെറുമൊരു കോമഡി സംവിധായകനാണെന്നും മറ്റ് ഭാഷകളില്‍ നിന്ന് തട്ടിക്കൂട്ടി റീമേക്ക് ഉണ്ടാക്കുന്നവനാണെന്നും ഇവര്‍ പറഞ്ഞുപരത്തി. എന്നെ ചീപ്പായൊരു സംവിധായകന്‍ എന്ന് മുദ്രകുത്തുകയായിരുന്നു ഇവര്‍.”
“കച്ചവടസിനിമയുടെ വക്താവാന് ഞാനെന്ന് സമ്മതിക്കുന്നു. എന്നാല്‍ വിജയിക്കുന്ന കച്ചവട സിനിമകള്‍ സംവിധാനം ചെയ്യുന്നത് അത്ര എളുപ്പമുള്ള പണിയല്ല. ‘ഓഫ് ബീറ്റ്’ സിനിമകള്‍ എടുക്കുന്നതിനേക്കാള്‍ അല്‍പം കഠിനമായ കാര്യമാണ് നല്ലൊരു കൊമേഴ്സ്യല്‍ സിനിമ എടുക്കുക എന്നത്. ഇതൊന്നും തിരിച്ചറിയാതെയാണ് എന്നെ ചിലര്‍ മുദ്രകുത്തി വിടുന്നത്.”
“എന്തായാലും ഈ ദേശീയ എനിക്കല്‍പം ആശ്വാസം പകരുന്നുണ്ട്. ഇത്തവണത്തെ മികച്ച ചിത്രമായി കാഞ്ചീവരത്തെ തിരഞ്ഞെടുത്തതില്‍ എനിക്ക് അതീവ സന്തോഷവുമുണ്ട്” - പ്രിയദര്‍ശന്‍ പറയുന്നു.