ദേശീയ അവാര്‍ഡ് ലഭിച്ചു എന്ന കാരണത്താല്‍ അടുത്ത അടൂര്‍ ഗോപാലകൃഷ്ണനോ ശ്യാം ബെനഗലോ ആകാമെന്നുള്ള മോഹമൊന്നും തനിക്കില്ലെന്ന് പ്രശസ്ത സംവിധായകന്‍ പ്രിയദര്‍ശന്‍. ഒരു ന്യൂസ് ഏജന്‍സിക്ക് അനുവദിച്ച അഭിമുഖത്തിലാണ് പ്രിയന്‍ ഇങ്ങനെ പറഞ്ഞത്.
റിയലിസ്റ്റിക് ചിത്രങ്ങള്‍ ചെയ്യുമ്പോള്‍ ഒരു സംവിധായകന്‍ എന്ന നിലയില്‍ കൂടുതല്‍ സ്വാതന്ത്ര്യം ലഭിക്കാറുണ്ടെന്നും പ്രിയദര്‍ശന്‍ പറഞ്ഞു.
“എന്നാല്‍ റിയലിസ്റ്റിക് സിനിമ ചെയ്യുന്നതിനേക്കാള്‍ ദുഷ്കരമാണ് ഒരു ബോളിവുഡ് മസാലച്ചിത്രം ചെയ്യുന്നത്. ജനങ്ങളെ ചിരിപ്പിക്കുക ഏറെ ബുദ്ധിമുട്ടുള്ള ജോലിയാണ്. എല്ലാ പ്രശ്നങ്ങളും തല്‍ക്കാലത്തേക്കെങ്കിലും മറന്ന് ചിരിക്കാനുള്ള അവസരമാണ് ഞാന്‍ ഒരുക്കുന്നത്. ആ അര്‍ത്ഥത്തില്‍ ഞാന്‍ ഒരു സാമൂഹ്യ സേവനമാണ് ചെയ്യുന്നത്.” - പ്രിയന്‍ വ്യക്തമാക്കി.
ബോളിവുഡിലെ ചിലര്‍ തന്നോട് അസൂയ വച്ചുപുലര്‍ത്തുന്നുണ്ടെന്നും പ്രിയന്‍ പറഞ്ഞു. തെക്കേ ഇന്ത്യയില്‍ നിന്ന് ബോളിവുഡിലെത്തി 12 വര്‍ഷം കൊണ്ട് 25 ചിത്രങ്ങള്‍ സംവിധാനം ചെയ്ത് വിജയിപ്പിച്ച ഒരേയൊരു സംവിധായകനാണ് താനെന്നും അതുകൊണ്ടാണ് ചിലര്‍ക്ക് അസൂയയെന്നും ഇന്ത്യന്‍ സിനിമയുടെ മാസ്റ്റര്‍ ഷോമാന്‍ പറഞ്ഞു.