അന്തരിച്ച പ്രശസ്ത സംവിധായകനും തിരക്കഥാകൃത്തുമായ ലോഹിതദാസിന്‍റെ അവസാന രചനയായ ‘ഭീഷ്മര്‍’ സിനിമയാകില്ല. ലോഹിയുടെ ഭാര്യ സിന്ധു വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. ഭീഷ്മരുടെ തിരക്കഥ ലോഹിതദാസ് പൂര്‍ത്തിയാക്കിയിരുന്നില്ല.
“അദ്ദേഹം എഴുതിയ ഭീഷ്മരുടെ ബാക്കിഭാഗം എഴുതാന്‍ എനിക്ക് ആരും ഇല്ല. ആ തിരക്കഥയുടെ ബാക്കി എഴുതാന്‍ മാത്രം കഴിവ് ഞങ്ങള്‍ക്കില്ല” - സിന്ധു വ്യക്തമാക്കി. മോഹന്‍ലാലിനെ നായകനാക്കി ലോഹിതദാസ് സംവിധാനം ചെയ്യാനിരുന്ന ചിത്രമാണ് ഭീഷ്മര്‍. ആ ചിത്രത്തിന്‍റെ തിരക്കഥ പൂര്‍ത്തിയായി വരവേയാണ് കഴിഞ്ഞ ജൂണ്‍ 28ന് ലോഹിയെ മരണം അപഹരിച്ചത്.
പിന്നീട്, ലോഹിയുടെ അപൂര്‍ണ്ണമായ തിരക്കഥ സിനിമയാക്കാനായി പലരും സമീപിച്ചെങ്കിലും സിന്ധു ലോഹിതദാസ് അതിന് തയ്യാറായില്ല. സംവിധായകന്‍ സിബി മലയിലും നിര്‍മ്മാതാവ് ജോണി സാഗരികയും ഈ തിരക്കഥ സിനിമയാക്കാന്‍ കഴിയുമോ എന്ന് ശ്രമിച്ചിരുന്നു. എന്നാല്‍ ‘ഭീഷ്മര്‍ അങ്ങനെ തന്നെ നില്‍ക്കട്ടെ’ എന്ന നിലപാടാണ് സിന്ധു സ്വീകരിച്ചത്.
അതേ സമയം, ലോഹിതദാസിന്‍റെ ഇളയ പുത്രന്‍ വിജയ് ശങ്കര്‍ സംവിധായകനാകാന്‍ ഒരുങ്ങുകയാണ്. പൃഥ്വിരാജിനെ നായകനാക്കി തമിഴിലാണ് വിജയ് തന്‍റെ ആദ്യ ചിത്രം ഒരുക്കുന്നത്. സത്യരാജ്, ഖുശ്ബു തുടങ്ങിയവരും അഭിനയിക്കും. ലോഹിയുടെ സുഹൃത്ത് ഷിയാസാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഡിസംബറില്‍ ചിത്രീകരണം ആരംഭിച്ച് 2010 മാര്‍ച്ചില്‍ പ്രദര്‍ശനത്തിനെത്തിക്കാനാണ് പരിപാടി. വിജയ് ശങ്കര്‍ തന്നെയാണ് ഈ സിനിമയുടെ തിരക്കഥ രചിക്കുന്നത്.