ദിലീപിനെ നായകനാക്കി താന്‍ സംവിധാനം ചെയ്ത ‘പച്ചക്കുതിര’ ചെയ്യേണ്ടിയിരുന്നില്ലെന്ന് സംവിധായകന്‍ കമല്‍. പച്ചക്കുതിര പുറത്തിറങ്ങി വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കുറ്റബോധത്തോടെയുള്ള കമലിന്‍റെ വെളിപ്പെടുത്തല്‍. ഒരു പ്രമുഖ ചലച്ചിത്രവാരികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് പച്ചക്കുതിര താന്‍ ചെയ്യേണ്ടിയിരുന്ന സിനിമയല്ലെന്ന് കമല്‍ പറഞ്ഞത്.
“ഏതെങ്കിലും നടന്‍റെ ഇമേജിനു വേണ്ടി സംവിധായകര്‍ സിനിമയെടുക്കരുത്. അങ്ങനെ ചെയ്താല്‍ അഭിനേതാക്കള്‍ക്ക് പുതുമയുണ്ടാകില്ല. പ്രേക്ഷകര്‍ക്ക് ആ താരത്തെ പെട്ടെന്നു മടുക്കുകയും ചെയ്യും. ഒരു സംവിധായകന്‍റെ സങ്കല്‍പ്പത്തിലുള്ള സിനിമയിലേക്ക് താരങ്ങള്‍ മാറുകയാണ് വേണ്ടത്. അങ്ങനെ ചെയ്തില്ലെങ്കില്‍ സംവിധായകര്‍ക്ക് സ്പെല്ലിംഗ് മിസ്റ്റേക്ക് ഉണ്ടാകും. അങ്ങനെ എനിക്കു പറ്റിയ ഒരു തെറ്റാണ് പച്ചക്കുതിര. ദിലീപിന്‍റെ സ്ഥിരം ഇമേജിന് പിന്നാലെ ഞാന്‍ പോകാന്‍ ശ്രമിച്ചതിന്‍റെ പരാജയമാണ് ആ സിനിമ. ഞാന്‍ അത് ചെയ്യാന്‍ പാടില്ലാത്തതാണ്” - കമല്‍ പറയുന്നു.
PRO
തിരക്കഥാകൃത്തുക്കളുമായി തനിക്ക് എങ്ങനെയാണ് അഭിപ്രായ ഭിന്നതയുണ്ടാകുന്നത് എന്നും കമല്‍ ഈ അഭിമുഖത്തില്‍ വ്യക്തമാക്കുന്നുണ്ട്. “ഒരു സംവിധായകന്‍ എന്ന രീതിയില്‍ എഴുത്തുകാരനൊപ്പം നില്‍ക്കുമ്പോള്‍ ഞാനും എഴുത്തുകാരനായി പോകാറുണ്ട്. എന്നിലുള്ള എഴുത്തുകാരന്‍ ഡോമിനേറ്റു ചെയ്യുമ്പോള്‍ അവിടെ സംഘര്‍ഷം ഉണ്ടാകുന്നു. ഒരു അഭിനേതാവിനെ തിരുത്തുന്നതു പോലെയോ, സംഗീത സംവിധായകനോട് പാട്ട് മാറ്റി ചെയ്യാന്‍ പറയുന്നതു പോലെയോ ഉള്ള സ്വാതന്ത്ര്യം സംവിധായകന് എഴുത്തുകാരനോടുമുണ്ട്. ആ അവസ്ഥയില്‍ പ്രശ്നം വരുമ്പോഴാണ് സ്വയം എഴുതാന്‍ തീരുമാനിക്കുന്നത്” - കമല്‍ പറയുന്നു.
ലോഹിതദാസുമായി കമലിന് ഉണ്ടായ അഭിപ്രായ വ്യത്യാസമാണ് ‘ചക്രം’ മുടങ്ങാന്‍ കാരണം എന്ന വര്‍ഷങ്ങള്‍ പഴക്കമുള്ള വിവാദത്തെ ഈ അവസരത്തില്‍ ഓര്‍ക്കാവുന്നതാണ്.
വാല്‍ക്കഷണം: പച്ചക്കുതിര ചെയ്യേണ്ടിയിരുന്നില്ലെന്ന് കമല്‍. തന്‍റെ അഭിനയ ജീവിതത്തിലെ ഏറ്റവും വലിയ അബദ്ധമാണ് ഷാജി കൈലാസിന്‍റെ ‘ഡോണ്‍’ എന്ന് ദിലീപ്. ഗുരുവും ശിഷ്യനും ഇങ്ങനെ തുടങ്ങിയാല്‍...