താന്‍ ഉടന്‍ തന്നെ ദിലീപിന്‍റെ നായികയാകുമെന്ന് നടി കാവ്യാ മാധവന്‍ വ്യക്തമാക്കി. ഒട്ടേറെ പ്രൊജക്ടുകള്‍ക്കുവേണ്ടി ക്ഷണമുണ്ടെങ്കിലും അവയൊന്നും സ്വീകരിച്ചിട്ടില്ല. എന്നാല്‍ ജോഷി സംവിധാനം ചെയ്യുന്ന ദിലീപ് ചിത്രത്തില്‍ അഭിനയിക്കാന്‍ തീരുമാനിച്ചിട്ടുണ്ട് - കാവ്യ പറയുന്നു.
ഒരു പ്രശസ്ത സിനിമാ വാരികയ്ക്ക് അനുവദിച്ച അഭിമുഖത്തിലാണ് കാവ്യ മനസു തുറന്നത്. ‘റണ്‍വേ’ എന്ന മെഗാഹിറ്റിന്‍റെ രണ്ടാം ഭാഗമായ ‘വാളയാര്‍ പരമശിവം’ അടുത്ത മാസം ചിത്രീകരണം ആരംഭിക്കുമെന്നാണ് അറിയുന്നത്. ആ ചിത്രത്തില്‍ ദിലീപിന്‍റെ നായികയായി അഭിനയിച്ച് മടങ്ങിവരവ് ഗംഭീരമാക്കാനാണ് കാവ്യ ആലോചിക്കുന്നത്.
“പല പ്രൊജക്ടുകളും ഡിസ്കഷനിലാണെങ്കിലും ഇതുവരെ ഒന്നും കമ്മിറ്റ് ചെയ്തിട്ടില്ല. അതില്‍ ജോഷിയേട്ടന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നായികയാകാന്‍ ഞാന്‍ താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. എന്നാണ് അതിന്‍റെ ഷൂട്ടിംഗ് ആരംഭിക്കുക എന്നത് അറിയില്ല. എന്തായാലും ആദ്യം ജോഷിയേട്ടന്‍റെ ചിത്രത്തിലായിരിക്കും അഭിനയിക്കുക. ഇനി വെറുതെ വീട്ടില്‍ ഇരിക്കരുതെന്നും അഭിനയ രംഗത്ത് തുടരണമെന്നും സുഹൃത്തുക്കളും ആരാധകരും നിര്‍ബന്ധിക്കുന്നു. ഒടുവില്‍ അഭിനയിക്കാന്‍ തന്നെ ഞാന്‍ തീരുമാനിക്കുകയായിരുന്നു” - കാവ്യ പറയുന്നു.
ചന്ദ്രനുദിക്കുന്ന ദിക്കില്‍ എന്ന ചിത്രത്തിലാണ് കാവ്യ ആദ്യമായി നായികയായത്. ആ സിനിമയില്‍ ദിലീപായിരുന്നു നായകന്‍. അതുകൊണ്ട്തന്നെ മടങ്ങിവരവും ദിലീപ് ചിത്രത്തിലൂടെയാകണമെന്ന് കാവ്യ ആഗ്രഹിക്കുന്നു. മീശമാധവന്‍, ലയണ്‍, റണ്‍വേ, കൊച്ചിരാജാവ്, തിളക്കം തുടങ്ങിയവയാണ് കാവ്യയും ദിലീപും ഒന്നിച്ച സൂപ്പര്‍ഹിറ്റുകള്‍.
വിവാഹത്തോടെ അഭിനയജീവിതത്തിന് അവധി കൊടുത്ത കാവ്യ വിവാഹജീവിതത്തിലെ താളപ്പിഴകള്‍ക്കൊടുവിലാണ് വീണ്ടും സിനിമയിലേക്ക് ചുവടുവയ്ക്കുന്നത്. മേജര്‍ രവി, കെ മധു, എ കെ സാജന്‍ തുടങ്ങിയവരുടെ സിനിമകളിലും കാവ്യ അഭിനയിക്കുമെന്നാണ് സൂചന.