ഷാജി കൈലാസ് ചിത്രമായ ഡോണില്‍ നായകനായത് ജീവിതത്തിലെ ഏറ്റവും വലിയ അബദ്ധമായിരുന്നു എന്ന് നടന്‍ ദിലീപ്. ഒരു പ്രമുഖ സിനിമാവാരികയ്ക്ക് അനുവദിച്ച അഭിമുഖത്തിലാണ് ദിലീപ് തനിക്കു പറ്റിയ ‘അബദ്ധം’ തുറന്നു പറയുന്നത്.
ജെ പള്ളാശ്ശേരിയുടെ തിരക്കഥയില്‍ ഷാജി കൈലാസ് സംവിധാനം ചെയ്ത ചിത്രമായിരുന്നു ‘ഡോണ്‍’. 2006 സെപ്റ്റംബറില്‍ റിലീസ് ചെയ്ത ഈ സിനിമ ബോക്സോഫീസില്‍ തകര്‍ന്നു തരിപ്പണമായിരുന്നു. രാം ഗോപാല്‍ വര്‍മയുടെ ‘സര്‍ക്കാര്‍’ എന്ന സിനിമയുടെ വികൃതമായ അനുകരണം എന്ന ആരോപണം ഈ ചിത്രത്തിനെതിരെ ഉണ്ടായിരുന്നു.
എന്തായാലും തന്‍റെ ജീവിതത്തിലെ ഏറ്റവും വലിയ അബദ്ധമായാണ് ദിലീപ് ഈ ചിത്രത്തെ വിലയിരുത്തുന്നത്. “ഡോണില്‍ ഞാന്‍ അഭിനയിച്ചത് എന്‍റെ ജീവിതത്തില്‍ സംഭവിച്ച മഹാ അബദ്ധമാണ്. ആ സിനിമയ്ക്ക് ഒരു കഥ ഉണ്ടായിരുന്നില്ല. ഇക്കാര്യത്തില്‍ ആരെയും കുറ്റം പറയുന്നില്ല, ഞാന്‍ ശ്രദ്ധിക്കണമായിരുന്നു.” - ദിലീപ് പറയുന്നു.
ഉണ്ണികൃഷ്ണന്‍ എന്ന അധോലോക നായകനെയായിരുന്നു ദിലീപ് ഡോണില്‍ അവതരിപ്പിച്ചത്. ഷാജി കൈലാസും ദിലീപും ഒന്നിച്ച ആദ്യ ചിത്രമായിരുന്നു അത്‍. അതിനു ശേഷം ഇരുവരും ഒന്നിക്കുന്ന സിനിമ ഉണ്ടായിട്ടില്ല എന്നതും ശ്രദ്ധേയമാണ്.