“കഴിഞ്ഞ 30 വര്‍ഷമായി അഭിനയിക്കുന്നതിനാല്‍ നസറുദ്ദീന്‍ ഷായ്ക്ക് ബോറടിക്കുന്നുവെന്ന് നിങ്ങള്‍ പറയുന്നു. അതായത് അമ്പത് വര്‍ഷമായി അഭിനയിക്കുന്ന നിനക്കൊക്കെ ബോറടിക്കുന്നില്ലേ എന്ന ചോദ്യമാണ് നിങ്ങളുടെ ഉള്ളിലെന്ന് മനസിലായി. എനിക്ക് അഭിനയം ബോറടിയാവില്ല.”
“സിനിമയില്‍ ഞാനൊരു അഭിനേതാവ് മാത്രമല്ല. സിനിമയുമായി ബന്ധപ്പെട്ട ഒരു പാട് മേഖലകളില്‍ ഞാന്‍ ശ്രദ്ധകേന്ദ്രീകരിച്ച് വരികയാണ്. അതുകൊണ്ടുതന്നെ എനിക്ക് ബോറടിയുണ്ടാവില്ല. രാഷ്ട്രീയത്തെ പറ്റി എന്നോട് ചോദിക്കൂ. ഞാന്‍ പറയും എനിക്ക് ബോറടിക്കുന്നു എന്ന്. രാഷ്ട്രീയത്തെ പറ്റി ഇവന് എന്തറിയാം എന്ന് ചിലര്‍ ചോദിച്ചേക്കാം. എനിക്കതിലൊട്ടും വിഷമമില്ല. നസറുദ്ദീന്‍ അയാളെ പറ്റി പറഞ്ഞതുപോലെ ഞാന്‍ എന്നെ പറ്റി പറയുന്നു അത്രമാത്രം.”
കഴിഞ്ഞ 50 വര്‍ഷമായി ഇന്ത്യന്‍ സിനിമയ്ക്ക് ഒരുപാട് സംഭാവനകള്‍ ചെയ്തിട്ടും വേണ്ടത്ര അംഗീകാരം ലഭിച്ചില്ല എന്ന് വിഷമമുണ്ടോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ഉത്തരം പറയാന്‍ കമല്‍ ശ്രമിക്കുന്നതിനിടെ മകള്‍ ശ്രുതി മൈക്ക് പിടിച്ചുവാങ്ങി സംസാരിക്കാന്‍ തുടങ്ങി.
“അംഗീകാരം ലഭിച്ചില്ല എന്നതില്‍ കമല്‍ എന്തിന് വിഷമിക്കണം? ഇന്ത്യന്‍ സിനിമയ്ക്ക് വളരെയധികം സംഭാവനകള്‍ ചെയ്തിട്ടുള്ള എന്‍റെ അച്ഛന് അംഗീകാരം കിട്ടാത്തത് അച്ഛന്‍റെ കുറ്റമല്ല. മറ്റുള്ളവരുടെ കുറ്റമാണത്. തന്‍റേതല്ലാത്ത കുറ്റത്തിന് എന്തിനാണ് അച്ഛന്‍ വിഷമിക്കുന്നത്?”
ശ്രുതിയില്‍ നിന്ന് മൈക്ക് വാങ്ങി വീണ്ടും കമല്‍ സംസാരിക്കാന്‍ തുടങ്ങി, “നിങ്ങളെപ്പോലുള്ള മാധ്യമപ്രവര്‍ത്തകര്‍ വിചാരിച്ചാല്‍ ഈ അവസ്ഥ മാറും. മാറ്റാന്‍ ശ്രമിക്കൂ.”
“ഇന്‍റര്‍നെറ്റ് മാധ്യമങ്ങള്‍ അവഗണിക്കപ്പെടുന്നുണ്ട് എന്ന് നിങ്ങള്‍ പരാതിപ്പെടുന്നു. സത്യമാണ്. എന്നാല്‍ ഇപ്പോള്‍ അവഗണിക്കുന്നവരെല്ലാം നിങ്ങളെ തേടിയെത്തുന്ന കാലം വിദൂരമല്ല. ടെലിവിഷന്‍ വന്ന സമയത്ത് ടെലിവിഷന്‍ നമുക്ക് ആവശ്യമില്ല എന്ന് പറഞ്ഞ് പ്രക്ഷോഭം ഉണ്ടാക്കിയവരൊക്കെ ഇപ്പോള്‍ എവിടെ? ടിവിയെ നമിക്കിപ്പോള്‍ അവഗണിക്കാന്‍ പറ്റുമോ? അതുപോലെ നെറ്റിനെ അവഗണിക്കുന്നവരെല്ലാം നെറ്റിനെ ആശ്രയിക്കുന്ന കാലമാണ് വരാന്‍ പോകുന്നത്.”
“മാധ്യമങ്ങളില്‍ ഒന്നാണ് ഇന്‍റര്‍നെറ്റ്. ഇത് ആളുകള്‍ക്ക് മനസിലാകാന്‍ കുറച്ച് സമയം എടുക്കും. ഇന്‍റര്‍നെറ്റ് മാധ്യമങ്ങളെ അവഗണിക്കുന്നവരെ നമുക്ക് ബോധവല്‍ക്കരിക്കാം. എന്തായാലും, എനിക്ക് പ്രിയപ്പെട്ട മാധ്യമമാണ് ഇന്‍റര്‍നെറ്റ്. ഞാന്‍ ഈ മാധ്യമത്തെ നല്ല രീതിയില്‍ എന്നും പ്രയോജനപ്പെടുത്തും. ഞാന്‍ നിര്‍മിക്കുന്ന സിനിമകള്‍ നെറ്റിലൂടെ കാണാനുള്ള സൌകര്യം ഒരുക്കുന്ന കാര്യത്തെ പറ്റി ഞാന്‍ ചിന്തിച്ചുവരികയാണ്.”