ഇന്റര്നെറ്റ് ഇഷ്ടപ്പെട്ട മാധ്യമമാണെന്നും ഇന്‍റര്‍നെറ്റ് മാധ്യമം ശരിയായ രീതിയില്‍ ഉപയോഗപ്പെടുത്തുന്നവര്‍ ബുദ്ധിശാലികളാണെന്നും അല്പം സമയമെടുത്താലും എല്ലാവരും ഇന്‍റര്‍നെറ്റില്‍ എത്തിയേ തീരൂ എന്നും കമലഹാസന്‍. ഇന്‍റര്‍നെറ്റ് മാധ്യമപ്രവര്‍ത്തകര്‍ക്ക് അനുവദിച്ച ‘എക്സ്ക്ലുസീവ് അഭിമുഖ’ത്തിലാണ് കമലഹാസന്‍ ഇങ്ങനെ അഭിപ്രായപ്പെട്ടത്.
കമലഹാസനും മോഹന്‍ലാലും ഒരുമിച്ചഭിനയിക്കുന്ന ‘ഉന്നൈപ്പോല്‍ ഒരുവന്‍’ എന്ന സിനിമയെ പറ്റി വിശദീകരിക്കാനാണ് ഇന്‍റര്‍നെറ്റ് മാധ്യമപ്രവര്‍ത്തകരെ കമല്‍ ക്ഷണിച്ചത്. ഉന്നൈപ്പോല്‍ ഒരുവന് സംഗീതം പകരുന്ന ശ്രുതി കമലഹാസനും പ്രസ് മീറ്റില്‍ പങ്കെടുത്തു. തെന്നിന്ത്യയില്‍ ആദ്യമായാണ് ഒരു ചലച്ചിത്രതാരം ഇന്‍റര്‍നെറ്റ് മാധ്യമങ്ങള്‍ക്ക് എക്സ്ക്ലുസീവ് ആയി അഭിമുഖം നല്‍കുന്നത്.
ഉന്നൈപ്പോല്‍ ഒരുവന്‍ എന്ന സിനിമയുടെ തുടക്കം തൊട്ടേ ഇന്‍റര്‍നെറ്റ് മാധ്യമങ്ങള്‍ക്ക് കമല്‍ വലിയ പ്രാധാന്യം നല്‍കിയിരുന്നു. ടെലിവിഷനും അച്ചടി പ്രസിദ്ധീകരണങ്ങള്‍ക്കും മാത്രം പ്രാധാന്യം നല്‍കുന്ന താരങ്ങള്‍ക്കിടയില്‍ കമല്‍ അങ്ങനെ പുതിയ മാധ്യമത്തെ തിരിച്ചറിയുക വഴി വ്യത്യസ്തനാകുകയാണ്.
“ഇതാണ് അതിര്‍ത്തി. ഇതിനപ്പുറം ആരും പോകാന്‍ പാടില്ല എന്ന് ആരെങ്കിലും പറഞ്ഞാല്‍ ‘ഓഹോ അങ്ങനെയാണോ? ഇതിനപ്പുറം എന്താണുള്ളതെന്ന് അറിഞ്ഞിട്ടുതന്നെ കാര്യം’ എന്നായിരിക്കും എന്‍റെ മറുപടി. പാണ്ഡിത്യമോ പണ്ഡിതന്മാരോ എന്തിനെങ്കിലും അതിര്‍ത്തി നിശ്ചയിച്ചിട്ടുണ്ടെങ്കില്‍ അത് തകര്‍ക്കലാണ് എന്‍റെ രീതി. എനിക്ക് ആവശ്യമുള്ളവ തേടാനും കണ്ടെത്താനും ആരും അതിര്‍ത്തി നിശ്ചയിക്കണ്ട!”
“നസറുദ്ദീന്‍ ഷാ അഭിനയിച്ച ‘തീവ്രവാദി’യുടെ റോള്‍ എനിക്ക് ചേരുമോ എന്ന് പലരും ചോദിക്കുന്നു. ഞാനൊന്ന് പറയട്ടെ. ‘എ വെനസ്ഡേ’ എന്ന സിനിമയുടെ അവകാശം വാങ്ങുന്നതുവരെയേ എന്നെ സംബന്ധിച്ചിടത്തോളം എ വെനെസ്ഡേ ഉള്ളൂ. ഇപ്പോള്‍ ഉള്ളത് ‘ഉന്നൈപ്പോല്‍ ഒരുവന്‍’ എന്ന സിനിമയാണ്. എനിക്ക് ഇഷ്ടപ്പെട്ട രീതിയില്‍ ഒരുപാട് മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. നിങ്ങള്‍ സിനിമ കണ്ടുനോക്കുക. എന്നിട്ട് പറയുക ഇതിലെ കഥാപാത്രം കമലിന് യോജിക്കുമോ ഇല്ലയോ എന്ന്.”
“ഒരുപാട് സമയം ഞന്‍ വെറുതെ കളഞ്ഞു എന്നൊരു മനോവിഷമമുണ്ട്. ഒരു പടം കഴിഞ്ഞ് മറ്റൊരു സിനിമ ചെയ്യുന്നതിനിടയില്‍ ഞാന്‍ ഒരു പാട് സമയം വെറുതെ കളയുന്നുണ്ട്. അതൊന്ന് ശരിയാക്കണം. വര്‍ഷത്തില്‍ രണ്ട് സിനിമയെങ്കിലും ചെയ്തില്ലെങ്കില്‍ പ്രേക്ഷകര്‍ എന്നെ മറന്നുകളയുമെന്ന ഭയം കൊണ്ടല്ല ഇത്. ഒരുപാട് ചെയ്യാനുണ്ട്. അത് എത്രയും പെട്ടെന്ന് ചെയ്തുതീര്‍ക്കണം എന്ന മോഹമുള്ളത് കൊണ്ടുമാത്രം.”
“ഒരു സംഗീത സംവിധായിക എന്ന നിലയില്‍ എന്‍റെ മകളെ പറ്റി ഞാന്‍ എന്ത് കരുതുന്നുവെന്ന് നിങ്ങള്‍ ചോദിച്ചു. എത്രയോ പണം ചെലവാക്കി, വിദേശരാജ്യങ്ങളിലെല്ലാം വിട്ടാണ് ശ്രുതിയെ ഞങ്ങള്‍ സംഗീതം അഭ്യസിപ്പിച്ചത്. ‘എ വെനസ്ഡേ’യുടെ റീമേക്കില്‍ ശ്രുതി സംഗീതം ചെയ്യുന്നുണ്ട് എന്ന് മാത്രമാണ് നിങ്ങളൊക്കെ മനസിലാക്കുക. എന്നാല്‍ ഒരുപാട് വര്‍ഷത്തെ സാധന, പരിശീലനം, സ്ഥാപനങ്ങള്‍, ഗുരുസ്ഥാനീയര്‍ ഒക്കെ ശ്രുതിയുടെ സംഗീതത്തിന് പിന്നിലുണ്ടെന്ന് നിങ്ങളെല്ലാവരും മറക്കുന്നു. ഉന്നൈപ്പോല്‍ ഒരുവന്‍ എന്ന സിനിമ ശ്രുതിക്ക് അരങ്ങേറ്റം കുറിക്കാന്‍ ഒരു കാരണമായി എന്ന് മാത്രം.”
അടുത്ത പേജില്‍ വായിക്കുക “ടിവിക്കെതിരെ പ്രക്ഷോഭമുണ്ടാക്കിയവര്‍ എവിടെ?”