യഷ്‌രാജ് ഫിലിംസ് നിര്‍മ്മിച്ച് കബീര്‍ ഖാന്‍ സംവിധാനം ചെയ്യുന്ന ‘ന്യൂയോര്‍ക്ക്’ ഈ മാസം 26ന് തിയേറ്ററുകളിലെത്തുകയാണ്. ചിത്രത്തില്‍ ഒരു ‘ഡീഗ്ലാമറൈസ്ഡ്’ റോളിലാണ് നായികയായ കത്രീന കൈഫ് പ്രത്യക്ഷപ്പെടുന്നത്.
“ഡീഗ്ലാമറൈസ്ഡ് റോള്‍ എന്നു കേട്ടപ്പോള്‍ മുഖത്തൊക്കെ ചെളിവാരിത്തേച്ച്, കീറിപ്പറിഞ്ഞ വസ്ത്രങ്ങള്‍ ധരിച്ച കഥാപാത്രമെന്നല്ല അര്‍ത്ഥം. ഇപ്പോഴത്തെ ഹിന്ദി സിനിമയിലെ നായികയുടേതായ ഗ്ലാമര്‍ പരിവേഷമൊന്നുമില്ലാതെ, തീര്‍ത്തും സാധാരണക്കാരിയായ ഒരു പെണ്‍കുട്ടിയാണ് ന്യൂയോര്‍ക്കിലെ മായ. സത്യത്തില്‍ ഈ കഥാപാത്രം ഞാന്‍ തന്നെയാണ്. യഥാര്‍ത്ഥ ജീവിതത്തില്‍ ഞാന്‍ എങ്ങനെ പെരുമാറുന്നോ അങ്ങനെയൊക്കെയാണ് മായയും പെരുമാറുന്നത്” - കത്രീന പറയുന്നു.
IFM
IFM
“സംവിധായകന്‍ കബീര്‍ഖാന്‍ ഈ കഥാപാത്രത്തെക്കുറിച്ചു പറഞ്ഞതും അങ്ങനെയാണ്. കത്രീന മുമ്പ് അവതരിപ്പിച്ചിട്ടുള്ള കഥാപാത്രങ്ങള്‍ പോലെയല്ല ഇത് എന്ന്. ഇത് നമ്മുടെയിടയില്‍ തന്നെയുള്ള ഒരു സാധാരണ വിദ്യാര്‍ത്ഥിനി. ഈ കഥാപാത്രം എനിക്കൊരു വെല്ലുവിളിയായിരുന്നു, അതു തന്നെയാണ് അതിന്‍റെ സൌന്ദര്യവും” - കത്രീന വെളിപ്പെടുത്തി.
ജോണ്‍ ഏബ്രഹാം, നീല്‍ നിതിന്‍ മുകേഷ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. ന്യൂയോര്‍ക്ക് സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ മൂന്ന് വിദ്യാര്‍ത്ഥികളുടെ കഥയാണിത്. വേള്‍ഡ് ട്രേഡ് സെന്‍റര്‍ ആക്രമണത്തിന് ശേഷം ഈ വിദ്യാര്‍ത്ഥികളുടെ ജീവിതം മാറിമറിയുന്നു. തികച്ചും അപ്രതീക്ഷിതങ്ങളായ വഴിത്തിരിവുകളിലേക്ക് അവര്‍ ചെന്നെത്തുകയാണ്.
റോഷന്‍ എന്ന വില്ലത്തരം നിറഞ്ഞ കഥാപാത്രത്തെ ഇര്‍ഫാന്‍ ഖാന്‍ അവതരിപ്പിക്കുന്നു. സന്ദീപ് ശ്രീവാസ്തവയും ആദിത്യ ചോപ്രയും ചേര്‍ന്നാണ് ഈ സിനിമയുടെ രചന നിര്‍വഹിച്ചിരിക്കുന്നത്. അസീം മിശ്ര ക്യാമറ ചലിപ്പിക്കുന്ന ന്യൂയോര്‍ക്കിന്‍റെ സംഗീതം പ്രീതം.
കത്രീനയെ സംബന്ധിച്ച് മറ്റ് ചില പ്രത്യേകതകളും ന്യൂയോര്‍ക്കിനുണ്ട്. കത്രീന തന്നെയാണ് മായ എന്ന കഥാപാത്രത്തിന് ശബ്ദം നല്‍കിയിരിക്കുന്നത്. “ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുകള്‍ മൂന്ന് ദിവസം കൊണ്ട് പൂര്‍ത്തിയാക്കുന്ന ഡബ്ബിംഗ് എനിക്ക് പൂര്‍ത്തിയാക്കുവാന്‍ ആറു ദിവസം വേണ്ടി വന്നുവെങ്കിലും ഞാന്‍ അതിന്‍റെ പൂര്‍ണതയ്ക്കു വേണ്ടി ഏറെ പരിശ്രമിച്ചു. മാത്രമല്ല, ഈ സിനിമയോടെ ഞാന്‍ കുറച്ച് ഗൌരവമുള്ള കഥാപാത്രങ്ങളിലേക്ക് കടക്കുകയാണ്” - കത്രീന പറയുന്നു.
പ്രകാശ് ഝായുടെ രാജ്‌നീതിയാണ് കത്രീന കൈഫിന് ഏറെ പ്രതീക്ഷയുള്ള മറ്റൊരു സിനിമ.