രാം ഗോപാല് വര്‍മ പരീക്ഷണങ്ങള്‍ തുടരുകയാണ്. വയലന്‍സ് ത്രില്ലറുകളുടെയും ഹൊറര്‍ ചിത്രങ്ങളുടെയും ഈ രാജാവ് വീണ്ടും പ്രേക്ഷകരെ ഭയപ്പെടുത്താനുള്ള ഒരുക്കത്തിലാണെന്ന് വാര്‍ത്തകള്‍. ഇത്തവണ, കഥാപാത്രങ്ങള്‍ക്കൊപ്പം പ്രേക്ഷകരെയും ഒരു യാത്രയ്ക്ക് കൊണ്ടുപോകുകയാണ് അദ്ദേഹം. ‘വാണിംഗ്’ എന്ന പുതിയ ഹൊറര്‍ ചിത്രം ത്രീ ഡയമെന്‍ഷനില്‍ ചിത്രീകരിക്കാനാണ് രാം ഗോപാല് വര്‍മ തയ്യാറെടുക്കുന്നത്.
ഇന്ത്യയിലെ ആദ്യത്തെ ത്രീ ഡി ഹൊറര്‍ ചിത്രമായിരിക്കും വാണിംഗ്. ഓരോ നിമിഷവും കാഴ്ചക്കാരന്‍റെ നെഞ്ചിടിപ്പ് കൂട്ടുന്ന ഒരു തിരക്കഥ തയ്യാറാക്കുന്നതിന്‍റെ തിരക്കിലാണ് ഇപ്പോള്‍ രാമു. ചിത്രത്തിലെ താരങ്ങളെയും നിശ്ചയിച്ചു വരികയാണ്. റിതേഷ് ദേശ്മുഖായിരിക്കും വാണിംഗിലെ നായകന്‍.
“ഭയപ്പെടുത്തുന്ന ചിത്രങ്ങള്‍ നിങ്ങള്‍ ഒട്ടേറെ കണ്ടിട്ടുണ്ടാകും. ഭയം എന്ന വികാരത്തെ വിവിധ രീതിയില്‍ അനുഭവിച്ചിട്ടുമുണ്ടാകും. എന്തായാലും ‘വാണിംഗി’നായി നിങ്ങള്‍ കുറച്ചുനാള്‍ കാത്തിരിക്കൂ. ത്രീഡിയില്‍ ചിത്രീകരിക്കുന്ന ഈ സിനിമ അസാധാരണമായ ഒരു അനുഭവം നിങ്ങള്‍ക്ക് സമ്മാനിക്കും. പ്രേക്ഷകരും ഇതിലെ കഥാപാത്രങ്ങളോടൊപ്പം സഞ്ചരിക്കേണ്ടി വരും. കഥാപാത്രങ്ങള്‍ അനുഭവിക്കുന്ന മാനസിക സംഘര്‍ഷങ്ങള്‍ പ്രേക്ഷകരും അനുഭവിക്കും. ‘നിങ്ങളും മരിച്ചേക്കാം’ എന്നാണ് ഈ സിനിമയുടെ പരസ്യവാചകം” - രാമു വെളിപ്പെടുത്തുന്നു.
ഉടന്‍ തന്നെ രാമുവിന്‍റെ ‘അഗ്യാത്’ എന്ന ഹൊറര്‍ ത്രില്ലര്‍ റിലീസാകും. ‘രണ്‍’ എന്ന സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ഇപ്പോഴും കത്തിനില്‍ക്കുകയാണ്. എന്നാല്‍ അതൊന്നും വകവയ്ക്കാതെ രാം ഗോപാല് വര്‍മ ഒട്ടേറെ ആശയങ്ങളുടെയും സിനിമകളുടെയും തിരക്കേറിയ ലോകത്താണ്.