ആളുകള്‍ക്കിപ്പോള്‍ ശ്രദ്ധിക്കാന്‍ സമയമില്ല. ഇനി നമുക്ക് ഒരുപാട് ചെറിയ സിനിമകള്‍ അല്ലെങ്കില്‍ ഡോക്യുമെന്ററികള്‍ ആവശ്യമായി വരും. ദൈര്‍ഘ്യം അധികമില്ലാത്ത സിനിമകള്‍ ഇവിടെ ഒരുപാട് ഉണ്ടാവും. ഇത് കാലഘട്ടത്തിന്റെ ആവശ്യമാണ്.
ഇന്ത്യന്‍ സിനിമയെ പ്രതിനിധീകരിക്കുന്നത് ഹിന്ദി സിനിമയാണെന്ന് പലരും പറഞ്ഞ് കേള്‍ക്കാറുണ്ട്. ഹിന്ദി സിനിമയെ ദേശീയ സിനിമയായി എണ്ണാന്‍ പറ്റില്ല. ഹിന്ദിയും ഒരു പ്രാദേശിക ഭാഷയാണ്. ഹിന്ദിയെ ഒരു കാലഘട്ടത്തില്‍ തമിഴര്‍ എതിര്‍ത്തിരുന്നു, കാരണം ഹിന്ദി പഠിച്ചാല്‍ മാത്രമേ കേന്ദ്ര സര്‍ക്കാര്‍ ജോലി കിട്ടൂ എന്ന അവസ്ഥ വന്നപ്പോഴായിരുന്നു അത്.
ഈ തിരക്കഥാ പരിശീലനക്കളരി എന്റെ മാത്രം കഴിവുകൊണ്ടല്ല നടത്തപ്പെട്ടത്. അടുത്ത തലമുറയില്‍ നിന്ന് പോരാളികളെ ഉണ്ടാക്കിയെടുക്കാനുള്ള താല്‍പര്യത്തില്‍ നിന്ന് ഉടലെടുത്തതാണിത്. ഒപ്പം, ഈ പരിശീലനക്കളരിക്ക് തുടര്‍ച്ചയുണ്ടാവുമോ എന്ന് പറയാനാവില്ല. ആവശ്യമെങ്കില്‍ അടുത്തമാസം ഇതിനൊരു തുടര്‍ച്ചാ കളരി ഉണ്ടാവുകയും ചെയ്യും.
ഒരു അധ്യാപകനായല്ല ഞാനിതില്‍ പങ്കെടുത്തത്. അധ്യാപകന്റെ വേഷമിട്ട് പരിശീലനക്കളരിയില്‍ കയറിപ്പറ്റിയ വിദ്യാര്‍ത്ഥിയാണ് ഞാന്‍. ചോദ്യം ചോദിക്കാനുള്ള ധൈര്യം എന്റെയുള്ളില്‍ ഇപ്പോഴും കെടാതെയുള്ളതിനാല്‍ എനിക്കൊരിക്കലും നല്ലൊരു അധ്യാപകനാവാന്‍ കഴിയില്ല.
പുതിയ പോരാളികളോട് ഞാന്‍ പറയുന്നത് ഇത്രമാത്രം - അടുത്ത ഘട്ടത്തിനായുള്ള സിനിമകള്‍ നിര്‍മിക്കുമ്പോള്‍ നമ്മള്‍ അതീവ ജാഗ്രത പുലര്‍ത്തണം. പുതിയ ടെക്നൊളജി, മാറിയ ആചാരങ്ങള്‍, മാറിയ കാലഘട്ടം, മാറിയ ആവശ്യകതകള്‍ എന്നിവയൊക്കെ പഠിച്ചായിരിക്കണം നാം അടുത്ത ഘട്ട സിനിമയിലേക്ക് കാലൂന്നേണ്ടത്.
അതിനുള്ള പരിശ്രമമാണ് ഈ പരിശീലനക്കളരി. വരും നാളുകളില്‍ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍, വിവിധ നഗരങ്ങളില്‍ ഇതുപോലുള്ള കളരികള്‍ നമ്മള്‍ നടത്തണം. അതിനെ പറ്റിയാണ് ഇനി നമ്മള്‍ ആലോചിക്കേണ്ടത്.