മികച്ച ഹാസ്യനടനായി തിരഞ്ഞെടുക്കപ്പെട്ടതില്‍ തന്നെക്കാള്‍ സന്തോഷം പ്രേക്ഷകര്‍ക്കാണെന്ന് നടന്‍ മാമുക്കോയ. അവാര്‍ഡ് വിവരമറിഞ്ഞ് നിരവധി പ്രേക്ഷകര്‍ വിളിച്ച് അഭിനന്ദനമറിയിച്ചിരുന്നു. എന്നാല്‍ ഏറ്റവും വലിയ അംഗീകാരമായി കരുതുന്നത് ജൂറി ചെയര്‍മാന്‍ ഗിരീഷ് കാസറവള്ളിയുടെ പ്രത്യേക അഭിനന്ദനമാണ്. ഹാസ്യ താരത്തിന് ഏര്‍പ്പെടുത്തിയ ആദ്യ അവാര്‍ഡ് തന്നെ ലഭിച്ചതില്‍ സന്തോഷമുണ്ട്.
വളരെ സ്വാഭാവിക അഭിനയം പുറത്തെടുക്കാനാണ് എല്ലാ സിനികളിലും ശ്രമിക്കുന്നത്. സത്യന്‍റെ സിനിമകളെല്ലാം വളരെ ലളിതമായി കഥ പറയുന്നവയാണ്. അവയിലെല്ലാം എനിക്ക് ലഭിക്കുന്നതും സാധാരണക്കാരായ കഥാപാത്രങ്ങളെയാണ്. ഇവയൊന്നും അവതരിപ്പിക്കാന്‍ ഒരുപാട് തലപുകയ്ക്കേണ്ട ആവശ്യമില്ല. ഇന്നത്തെ ചിന്താവിഷയത്തില്‍ കാഴ്ചവച്ചത് മഹത്തായ അഭിനയമൊന്നുമല്ല. വളരെ സാധാരണമായ അഭിനയം മാത്രമാണ്.
ഷൂട്ടിംഗ് ലൊക്കേഷനില്‍ സംവിധായകന്‍ - നടന്‍ എന്ന വ്യത്യാസമില്ലാത്ത സെറ്റാണ് സത്യന്‍റേത്. സത്യന്‍റെ സിനിമകളില്‍ അഭിനയിക്കുമ്പോള്‍ സ്വന്തം കുടുംബത്തോടൊപ്പം നില്‍ക്കുന്ന അനുഭവമാണ് ലഭിക്കാറുളളത്. എല്ലാ നടന്‍മാരും സാങ്കേതിക വിദഗ്ധരും സത്യന്‍ അന്തിക്കാടിനെ കുടുംബനാഥനായാണ് കാണുന്നതെന്നും മാമുക്കോയ പറഞ്ഞു.