വാരണം ആയിരം എന്ന തമിഴ് ചിത്രം കണ്ടവര്‍ ആരും തന്നെ സമീര റെഡ്ഡിയെ മറക്കില്ല. ആ സിനിമയുടെ വിജയഘടകങ്ങളില്‍ ഒന്ന് സമീരയുടെ സാന്നിധ്യമായിരുന്നു. തമിഴില്‍ ഗ്ലാമറിന്‍റെ അതിരുകള്‍ ലംഘിച്ച് നായികമാര്‍ തകര്‍ത്താടുന്ന ഇക്കാലത്ത് ഒരു സാധാരണ പെണ്‍കുട്ടിയായി അഭിനയിച്ച്, ഒട്ടും ഗ്ലാമറസാകാതെ സമീര തമിഴ് പ്രേക്ഷകരെ വശീകരിച്ചു. മുമ്പ് തെലുങ്കിലും ഹിന്ദിയിലുമൊക്കെ ഗ്ലാമര്‍ വേഷങ്ങളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും സമീരയ്ക്ക് ബ്രേക്കായത് വാരണം ആയിരത്തിലെ സുന്ദരിപ്പെണ്‍കുട്ടിയാണ്.
ഈ സിനിമയ്ക്ക് ശേഷം തമിഴില്‍ സമീരയ്ക്ക് കൈനിറയെ അവസരങ്ങളാണ്. അജിത്തിന്‍റെ പുതിയ ചിത്രമായ അസലില്‍ സമീരയാണ് നായിക. അതിനിടെ വാരണം ആയിരത്തിന് ശേഷം ഗൌതം വസുദേവ് മേനോന്‍ സംവിധാനം ചെയ്യുന്ന സൈക്കോളജിക്കല്‍ ത്രില്ലറിലും സമീരയാണ് നായികയെന്നത് നടിയെ കൂടുതല്‍ സന്തോഷിപ്പിക്കുന്നു.
“ഈ ത്രില്ലറിനെക്കുറിച്ച് ഗൌതം കൂടുതല്‍ ഒന്നും എന്നോട് സംസാരിച്ചിട്ടില്ല. കഥയോ കഥാപാത്രമോ എന്തെന്നറിയാതെ തന്നെ ഞാന്‍ അഭിനയിക്കാന്‍ സമ്മതിച്ചു. കാരണം ഇത് ഗൌതം മേനോന്‍റെ ചിത്രമാണ്. ഒരിക്കലും അദ്ദേഹത്തിന്‍റെ കണക്കുകള്‍ പിഴയ്ക്കില്ലെന്ന് എനിക്കറിയാം. ഈ സിനിമ ത്രില്ലര്‍ ജെനറേഷനില്‍ തികച്ചും വ്യത്യസ്തമാണെന്നൊന്നും ഞാന്‍ പറയുന്നില്ല. എങ്കിലും അസാധാരണമായൊരു ചിത്രമായിരിക്കും ഇതെന്നു മാത്രം ഞാന്‍ പറയാം” - സമീര പറയുന്നു.
അസല്‍ എന്ന സിനിമ തനിക്ക് മറ്റൊരു ബ്രേക്കാകുമെന്നാണ് സമീരയുടെ പ്രതീക്ഷ. “വളരെ രസികനും കൂളുമാണ് അജിത്. അദ്ദേഹം വളരെ നന്നായി ഹിന്ദി സംസാരിക്കും. അതുകൊണ്ടു തന്നെ അസലിന്‍റെ ആദ്യ ദിനങ്ങളില്‍ എനിക്ക് വലിയ ബുദ്ധിമുട്ടുകള്‍ അനുഭവപ്പെട്ടില്ല. ഉടന്‍ തന്നെ ഞാന്‍ തമിഴ് നന്നായി സംസാരിക്കാന്‍ പഠിക്കും” - സമീരയുടെ ഉറച്ച വാക്കുകള്‍.
ബോളിവുഡില്‍ ഒട്ടേറെ പ്രൊജക്ടുകള്‍ സമീരയെ കാത്തിരിക്കുന്നുണ്ട്. പ്രിയദര്‍ശന്‍റെ ചിത്രവും റേസിന്‍റെ രണ്ടാം ഭാഗവുമൊക്കെ അതില്‍ ഉള്‍പ്പെടും.