നടി മീരാ ജാസ്മിന്‍റെ കയ്യിലിരുപ്പ് ശരിയല്ലാത്തതുകൊണ്ടാണ് മലയാള സിനിമയില്‍ അവര്‍ക്ക് അവസരങ്ങള്‍ ലഭിക്കാത്തതെന്ന് പ്രശസ്ത സംവിധായകന്‍ കമല്‍. മീരാ ജാസ്മിനെതിരെ ഉയരുന്ന ആരോപണങ്ങളില്‍ ഏറ്റവും ഒടുവിലത്തേതാണ് കമലിന്‍റെ പ്രതികരണം. മലയാളത്തിലെ ഒരു പ്രമുഖ സിനിമാവാരികയ്ക്ക് അനുവദിച്ച അഭിമുഖത്തിലാണ് മീരയ്ക്കെതിരെ കമല്‍ ആഞ്ഞടിച്ചത്.
ചിത്രീകരണത്തിന് കൃത്യസമയത്ത് വരാത്തതും വന്നാല്‍ തന്നെ സ്ഥിരമായി തുടരുന്ന നിസഹകരണമനോഭാവവുമാണ് മീരയ്ക്ക് മലയാളസിനിമ നഷ്ടമാകാന്‍ കാരണമെന്ന് കമല്‍ ആരോപിക്കുന്നു. “മിന്നാമിന്നിക്കൂട്ടം എന്ന ചിത്രത്തിന്‍റെ ചിത്രീകരണത്തിനിടെ പലപ്പോഴും മീരയുടെ നിസഹകരണം പ്രശ്നമായിട്ടുണ്ട്. ആവശ്യമില്ലാത്ത ഡിമാന്‍റുകളും കൃത്യതയില്ലായ്മയും പതിവായി. കുറച്ചൊക്കെ സഹിക്കാം, ഇതൊക്കെ സ്ഥിരം പരിപാടിയായാല്‍ എന്തുചെയ്യും? അടുത്തകാലത്തായി മലയാള ചിത്രങ്ങളുടെ സെറ്റുകളില്‍ മീരയുടെ സ്ഥിരം പെരുമാറ്റമായിരുന്നു ഇത്. അമ്മയുടെ ട്വന്‍റി20യില്‍ സഹകരിക്കാന്‍ മീര തയ്യാറായില്ല. അപ്പോള്‍ മലയാള ചിത്രങ്ങളില്‍ നിന്ന് മീരയെ ഒഴിവാക്കിത്തുടങ്ങി. വെറുതെ എന്തിനാണ് ഇങ്ങനെ ഒരു പ്രോബ്ലം എന്ന് ആളുകള്‍ കരുതിക്കാണും” - ഈ രീതിയിലാണ് കമലിന്‍റെ വാക്കുകള്‍.
PRO
PRO
ഗ്രാമഫോണ്‍, സ്വപ്നക്കൂട്, പെരുമഴക്കാലം തുടങ്ങിയ കമല്‍ ചിത്രങ്ങളില്‍ നേരത്തേ മീര നായികയായിരുന്നു. അപ്പോഴൊന്നും ഇത്തരം പെരുമാറ്റം മീരയുടെ സ്വഭാവത്തില്‍ ഉണ്ടായിരുന്നില്ലെന്ന് കമല്‍ പറയുന്നു.
“അന്നൊക്കെ എന്തെങ്കിലും വ്യക്തിപരമായ പ്രശ്നങ്ങള്‍ ഉണ്ടെങ്കില്‍ കൂടി ആ കുട്ടി ഷെയര്‍ ചെയ്യുമായിരുന്നു. മിന്നാമിന്നിക്കൂട്ടത്തിന്‍റെ സെറ്റില്‍ അങ്ങനെയൊരു മനോഭാവമൊന്നും മീരയില്‍ കണ്ടില്ല. ഇത്തരം തെറ്റുകുറ്റങ്ങളൊക്കെ സ്വയം തിരിച്ചറിയാന്‍ മീരയ്ക്ക് കഴിഞ്ഞാല്‍ ഇനിയും ഒരു പക്ഷേ ഞാന്‍ തന്നെ അഭിനയിക്കാന്‍ വിളിച്ചേക്കും. അങ്ങനെയുള്ള തിരിച്ചറിവ് മീരയ്ക്ക് വേഗമുണ്ടാകട്ടെ എന്നാണ് ആഗ്രഹിക്കുന്നത്” - കമല്‍ പറയുന്നു.