“എന്‍റെ കഴിവില്‍ അനില്‍ കപൂറിന് മാത്രമായിരുന്നു വിശ്വാസം. എനിക്ക് കോമഡി വഴങ്ങുമെന്ന് മറ്റുള്ളവര്‍ക്ക് ഉറപ്പു കൊടുത്തതും അനില്‍ജിയാണ്” - പറയുന്നത് കങ്കണ റനൌത്. അതെ, കുഴപ്പക്കാരികളായ കഥാപാത്രങ്ങളെ വിട്ട് കങ്കണ റനൌത് കോമഡിച്ചിത്രങ്ങളിലേക്ക് വഴിമാറുകയാണ്. അനീസ് ബസ്മി സംവിധാനം ചെയ്യുന്ന ‘നോ പ്രോബ്ലം’ എന്ന ചിത്രത്തിലാണ് കങ്കണ ആദ്യമായി കോമഡി കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
അധോലോക കഥ പറഞ്ഞ ഗാംഗ്‌സ്റ്റര്‍ എന്ന ചിത്രത്തിലൂടെയാണ് കങ്കണ ശ്രദ്ധേയയാകുന്നത്. തുടര്‍ന്ന് തേടിവന്നതെല്ലാം ഗാംഗ്‌സ്റ്റര്‍ മൂഡിലുള്ള ചിത്രങ്ങളായിരുന്നു. മയക്കുമരുന്നടിച്ചു നടക്കുന്ന മോഡേണ്‍ പെണ്‍കുട്ടി പരിവേഷം കങ്കണ റനൌതിന്‍റെ മിക്ക കഥാപാത്രങ്ങള്‍ക്കും ഉണ്ടായിരുന്നു. എന്നാല്‍ ഇതില്‍ നിന്നുള്ള രക്ഷപെടലാണ് കങ്കണയ്ക്ക് ‘നോ പ്രോബ്ലം’.
“ഞാന്‍ എന്നെങ്കിലും ഒരു കോമഡി സിനിമ ചെയ്യുകയാണെങ്കില്‍ അത് അനീസ് ബസ്മി ചിത്രത്തിലോ ഡേവിഡ് ധവാന്‍ ചിത്രത്തിലോ ആയിരിക്കുമെന്ന് ആദ്യമേ തീരുമാനിച്ചിരുന്നു. അത് ഇപ്പോള്‍ യാഥാര്‍ത്ഥ്യമായി വന്നിരിക്കുകയാണ്. കോമഡിക്കഥാപാത്രത്തെ അവതരിപ്പിക്കാന്‍ അനീസ് ബസ്മി എന്നെ തെരഞ്ഞെടുത്തത് ഒരു തെറ്റായ തീരുമാനമായാണ് എല്ലാവരും കരുതിയിരുന്നത്. ഞാന്‍ കോമഡി ചെയ്യുമെന്ന് വിശ്വസിക്കാന്‍ ആരും തയ്യാറായില്ല. അനില്‍ കപൂറാണ് എനിക്കു വേണ്ടി വാദിച്ചത്. കങ്കണയ്ക്ക് അത് കഴിയുമെന്ന് അനില്‍ജി എല്ലാവരെയും വിശ്വസിപ്പിച്ചു” - കങ്കണ റനൌത് പറയുന്നു.
ഇനി കൂടുതലായി ഇത്തരം ചിത്രങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് കങ്കണ തീരുമാനിച്ചിരിക്കുന്നത്. “ഒട്ടേറെ നിഗൂഡതകളുള്ള കഥാപാത്രങ്ങളെ അവതരിപ്പിക്കുമ്പോള്‍ ഷൂട്ടിംഗ് സെറ്റില്‍ ഒന്നു ചിരിക്കാന്‍ പോലും കഴിയുമായിരുന്നില്ല. എന്നാല്‍ നോ പ്രോബ്ലത്തിന്‍റെ സെറ്റില്‍ ഞാന്‍ അടിച്ചു പൊളിക്കുകയായിരുന്നു.“ - കങ്കണ പറയുന്നു.
കങ്കണയെക്കൂടാതെ സുസ്മിതാ സെന്നും ഈ ചിത്രത്തിലെ നായികയാണ്.