തെന്നിന്ത്യ കീഴടക്കാന്‍ ഒരുങ്ങുന്ന മലയാളി യുവനായികയാണ് പ്രിയങ്ക. സീരിയല്‍ രംഗത്തു നിന്നും സിനിമയിലെത്തിയ പ്രിയങ്ക വളരെ പെട്ടന്നാണ് തമിഴിലും തെലുങ്കിലും ശ്രദ്ധേയയായി മാറുന്നത്. മറുഭാഷാ ചിത്രങ്ങള്‍ ധാരാളമുണ്ടെങ്കിലും മലയാള സിനിമയുടെ മാധുര്യമാണ് ഈ നടിക്കേറെയിഷ്ടം.
ഈയിടെ കിച്ചാമണി എംബിഎയില്‍ സുരേഷ് ഗോപിയോടൊപ്പം അഭിനയിച്ച പ്രിയങ്ക വിലാപങ്ങള്‍ക്കപ്പുറം എന്ന സിനിമയിലും നായികയായി അഭിനയിക്കുന്നുണ്ട്. ശങ്കറിന്‍റെ വെയില്‍ ആയിരുന്നു ആദ്യത്തെ സിനിമ. പിന്നെയും തമിഴില്‍ നായികാവേഷം പ്രിയങ്കയെ തേടി എത്തിയിരുന്നു.
തമിഴില്‍ വാനംപാര്‍ത്തേന്‍ എന്ന സിനിമയുടെ ഷൂട്ടിംഗിലാണ് പ്രിയങ്കയിപ്പോള്‍. സ്ത്രീജന്‍മം, പകല്‍ വീട്, മലയാളിയുടെ വീട്ടില്‍, ഊമക്കുയില്‍ തുടങ്ങിയ സീരിയലുകളില്‍ മെലിഞ്ഞ് നീണ്ട പെണ്‍കുട്ടിയായി പ്രത്യക്ഷപ്പെട്ട പ്രിയങ്കയിപ്പോള്‍ ഒന്നു കൂടി തുടുത്ത് സുന്ദരിയായിട്ടുണ്ട്.
ഈയിടയ്ക്ക് സ്വദേശമായ വാമനപുരത്ത് എത്തിയ പ്രിയങ്കയുമായി സംസാരിച്ചപ്പോള്‍: സിനിമാ രംഗത്ത് എങ്ങനെയാണ് പെട്ടന്ന് അറിയപ്പെടാനായത്?
ശങ്കര്‍ സാറിന്‍റെ വെയില്‍ എന്ന സിനിമയില്‍ അഭിനയിക്കാന്‍ അവസരം കിട്ടിയതാണ് എന്‍റെ ജീവിതം തന്നെ മാറ്റിമറിച്ചത്. ക്യാമറാമാന്‍ അഴകപ്പന്‍ സാറാണ് എന്നെ പരിചയപ്പെടുത്തിയത്. വെയില്‍ വളരെ നന്നായതുകൊണ്ട് എന്നെ ഒട്ടേറെ സംവിധായകരും നിര്‍മ്മാതാക്കളും ശ്രദ്ധിച്ചു. കിച്ചാമണി എംബിഎ യിലെ അനുഭവം എങ്ങനെയായിരുന്നു?
മലയാളത്തില്‍ അഭിനയിക്കുന്നത് ഒരു രസം തന്നെയാണ്. വളരെ ‘ഹോംലി’യായി തോന്നി. സുരേഷേട്ടന്‍ നല്ല വിറ്റടിക്കും, അതിന്‍റെ കൂടെ ജയസൂര്യയും ഹനീഫ അങ്കിളുമൊക്കെ ചേര്‍ന്നാല്‍ ചിരിച്ചുചിരിച്ച് കണ്ണുതള്ളും.