സിനിമയെ മറന്നിട്ടില്ല : വിധുബാല
അച്ഛനെക്കുറിച്ചുള്ള ഓര്‍മ്മകള്‍ ?
അച്ഛന്‍ പ്രൊഫസര്‍ ഭാഗ്യനാഥ്. അറിയപ്പെടുന്ന മജീഷ്യനായിരുന്നു. എന്‍റെ ജീവിതത്തിലും സിനിമാ ജീവിതത്തിലും അദ്ദേഹത്തിന് നിര്‍ണ്ണായകമായ പങ്കുണ്ടായിരുന്നു. പക്ഷെ, അച്ഛനും അമ്മ സുലോചനയ്ക്കും (ഇരുവരും സ്വാതന്ത്ര്യ സമര സേനാനികള്‍ ആയിരുന്നു)എന്നെ ഒരു നര്‍ത്തകി ആക്കണമെന്നായിരുന്നു ആഗ്രഹം.
എനിക്ക് അഭിനയിക്കാന്‍ വലിയ മടിയായിരുന്നു. പിന്നെ ചില ബന്ധുക്കളുടെയും അവരുടെ സുഹൃത്തുക്കളുടേയുമൊക്കെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് അഭിനയിച്ചു തുടങ്ങിയത്.
ഏതൊക്കെ സിനിമകളാണ് കൂടുതല്‍ ഇഷ്ടം ?
എല്ലാ സിനിമകളും ഇഷ്ടമാണ്. ഞാനാദ്യം ബാലതാരമായി അഭിനയിച്ച സ്കൂള്‍ മാസ്റ്റര്‍ മുതല്‍ അഭിനയം വരെ. പക്ഷെ, അശ്വത്ഥാമാ, അഗ്നി, ബോക്സോഫീസില്‍ വന്‍ വിജയമായിരുന്ന തീക്കനല്‍ എന്നീ ചിത്രങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ചത് നല്ല അനുഭവമായിരുന്നു.
ആരോടൊപ്പം അഭിനയിക്കാനായിരുന്നു കൂടുതല്‍ ഇഷ്ടം ?
അങ്ങനെ പറയാനൊക്കില്ലല്ലോ. പ്രേം നസീര്‍, മധു, വിന്‍സെന്‍റ്, മോഹന്‍ എന്നിവരോടൊപ്പമാണ് കൂടുതല്‍ അഭിനയിച്ചിട്ടുള്ളത്. നസീറിനോടൊപ്പം 30 സിനിമകളില്‍ അഭിനയിച്ചു. നസീര്‍ അസാമാന്യനായ ഒരു മനുഷ്യനായിരുന്നു. അഭിനേതാവ് എന്ന നിലയില്‍ അദ്ദേഹത്തിന് കഴിവുകളെ നാം വേണ്ടത്ര ഉപയോഗപ്പെടുത്തിയിട്ടില്ല.
ഒരിക്കല്‍ എന്നോടൊപ്പം അദ്ദേഹം അഭിനയിച്ച ഒരു ചിത്രം ബോക്സോഫീസില്‍ മൂക്കുകുത്തി വീണു. ഉടന്‍ തന്നെ അദ്ദേഹം നിര്‍മ്മാതാവിനെ ചെന്ന് കണ്ട് മറ്റൊരു പടത്തില്‍ പ്രതിഫലമില്ലാതെ അഭിനയിക്കാന്‍ സന്നദ്ധത കാണിച്ചു. ചിത്രം വിജയിച്ചാല്‍ മാത്രം പണം തന്നാല്‍ മതിയെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. തങ്ങള്‍ അഭിനയിച്ച ആ ചിത്രം വിജയിക്കുകയും ചെയ്തു. മറ്റാര്‍ക്കെങ്കിലും ഇങ്ങനെ ചെയ്യാന്‍ കഴിയുമോ.
പിന്നെ മധുവിന്‍റെ ജോഡിയായിട്ടാണ് ഞാന്‍ കൂടുതല്‍ സിനിമകളില്‍ അഭിനയിച്ചത്. മധു വിധു എന്ന് പേരിലൊരു സാമ്യമുള്ളതുകൊണ്ടാവാം ഞങ്ങളുടെ ജോഡി ക്ളിക്ക് ചെയ്തത്. നല്ല തമാശക്കാരനായിരുന്നു മധു.
കുടുംബം ?
സര്‍പ്പം എന്ന സിനിമയുടെ നിര്‍മ്മാതാവായ മുരളീ കുമാറാണ് ഭര്‍ത്താവ്. ഞാന്‍ അഭിനയം നിര്‍ത്തി അല്‍പ വര്‍ഷം കഴിഞ്ഞപ്പോഴാണ്‍ അദ്ദേഹത്തെ വിവഹം ചെയ്തത്. ഇപ്പോള്‍ കോഴിക്കോട്ടാണ് താമസം.
തിരിഞ്ഞു നോക്കുമ്പോള്‍ നഷ്ടബോധം തോന്നുന്ന എന്തെങ്കിലും ?
ഇല്ലാതില്ല. 80 കളുടെ തുടക്കത്തോടെ മലയാള സിനിമയില്‍ ഗുണപരമായ പല മാറ്റങ്ങളും ഉണ്ടായി. ഭരതന്‍, പത്മരാജന്‍ തുടങ്ങിയവരുടെ ഒന്നാന്തരം സിനിമകളുണ്ടായി. അവരുടെ ഒന്നു രണ്ട് സിനിമകളില്‍ കൂടി എനിക്ക് അഭിനയിക്കാമായിരുന്നു എന്ന് തോന്നിയിട്ടുണ്ട്.
മറ്റൊന്ന് മൂന്നു വയസ്സു മുതല്‍ ഭരതനാട്യം പഠിച്ചു തുടങ്ങിയ ആളാണ് ഞാന്‍. ഒരു നര്‍ത്തകിയായി എനിക്ക് തുടരാമായിരുന്നു എന്നും തോന്നാറുണ്ട്.