2626 കൊല്ലം മുന്‍പ് അഭിനയം എന്ന ചിത്രത്തിലെ അഭിനയത്തോടെ സിനിമാഭിനയം നിര്‍ത്തി ഗാര്‍ഹിക ജീവിതത്തിലേക്ക് തിരിച്ചുപോയ അഭിനേത്രിയാണ് വിധുബാല. മലയാളത്തിലെ പഴയകാല അഭിനേതാക്കളില്‍ മിക്കവരോടുമൊപ്പം വിധുബാല അഭിനയിച്ചിട്ടുണ്ട്.
അയലത്തെ പെണ്‍കുട്ടി എന്ന സങ്കല്‍പ്പം യാഥാര്‍ത്ഥ്യമാക്കിയ വിധുബാല പ്രമുഖ ഐന്ദ്രജാലികന്‍ പ്രൊഫസര്‍ ഭാഗ്യനാഥിന്‍റെ മകളാണ്. നല്ലൊരു നര്‍ത്തകിയായ വിധുബാല മലയാള കവി കുണ്ടൂര്‍ നാരായണ മേനോന്‍റെ പൗത്രിയാണ്.
കോഴിക്കോട്ടെ പൂതേരി തറവാട്ടിലേക്കാണ് വിവാഹം ചെയ്തു പോയത്. പഴയകാല അനുഭവങ്ങള്‍ വിധുബാല ഓര്‍ക്കുന്നു.
എപ്പോഴാണ് സിനിമയോട് വിടപറഞ്ഞത് ?
ഞാന്‍ അഭിനയം നിര്‍ത്തിയെന്നേയുള്ളു. സിനിമയോട് ഒരിക്കലും വിട പറഞ്ഞിട്ടില്ല. ഞാനിപ്പോഴും സിനിമ കാണുന്നു. സിനിമയിലെ മാറ്റങ്ങളെ നോക്കിക്കാണുന്നു. 1981 ല്‍ അഭിനയം എന്ന ചിത്രത്തിലാണ് അവസാനമായി അഭിനയിച്ചത്. അന്തരിച്ച നടന്‍ ജയനായിരുന്നു അതിലെ നായകന്‍.
ഞാനിപ്പോഴും സിനിമയെ ഇഷ്ടപ്പെടുന്നു, പക്ഷെ, ഞാനൊരിക്കലും ഇനി സിനിമയില്‍ അഭിനയിക്കില്ല. ഈ കാലത്തിനിടയ്ക്ക് ഒട്ടേറെ ഓഫറുകള്‍ വന്നതാണ്. അതെല്ലാം വേണ്ടെന്നുവച്ചു.
സ്വരം നന്നായപ്പോള്‍ പാട്ട് നിര്‍ത്തി, അല്ലേ ?
അതെ. അതുകൊണ്ട് എനിക്കൊരിക്കലും ലൈം ലൈറ്റില്‍ നിന്നും മാറിനില്‍ക്കേണ്ടിവന്നിട്ടില്ല. അഭിനയ ജീവിതത്തിലെ വൃദ്ധിക്ഷയങ്ങള്‍ എന്നെ ബാധിച്ചതുമില്ല. എന്തായാലും സിനിമാഭിനയം ജീവിതത്തിലെ അടഞ്ഞ അദ്ധ്യായമാണ്.
ഇപ്പോഴെന്തു ചെയ്യുന്നു ?
എന്‍റെ ചേട്ടന്‍ മധു അമ്പാട്ടുമായി ( പ്രമുഖ ഛായാഗ്രാഹകന്‍ ) ചേര്‍ന്ന് ചില പ്രോജക്ടുകളില്‍ പ്രവര്‍ത്തിക്കുന്നു. ഇതിലൊന്ന് ലാല്‍ഗുഡി ജയരാമനെ കുറിച്ചുള്ള ഡോക്യുമെന്‍ററിയാണ്.
ശാരദാരാമനാഥിന്‍റെ തമിഴ് ചിത്രമായ ശൃംഗാരത്തിന്‍റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികളില്‍ ഞാന്‍ സഹകരിച്ചിട്ടുണ്ട്. അതിലെ ഒരു കഥാപാത്രത്തിന് ശബ്ദം നല്‍കുകയും ചെയ്തു. ശാരദാ രാമനാഥന്‍റെ പുതിയ ചിത്രത്തിനുള്ള തിരക്കഥാ രചനയില്‍ ഇപ്പോള്‍ സഹകരിക്കുന്നുണ്ട്.
പിന്നെ, അച്ഛനെക്കുറിച്ച് ഒരു പുസ്തകവും എഴുതുന്നുണ്ട്.
|